ജാതി അധിക്ഷേപക്കേസ്; മൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന നടി മീര അറസ്റ്റിൽ
ചെന്നൈ: സമൂഹമാദ്ധ്യമത്തിലൂടെ ദളിതർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ കഴിഞ്ഞ മൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന നടിയും മോഡലും യൂട്യൂബറുമായ മീര മിഥുൻ അറസ്റ്റിൽ. 2021ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അന്ന് അറസ്റ്റിലായ നടി ജാമ്യത്തിലിറങ്ങിയതിനുശേഷം ഒളിവിൽ പോവുകയായിരുന്നു. കേസിന്റെ വിചാരണയ്ക്ക് ഹാജരാകാത്തതിനെത്തുടർന്ന് 2022ൽ കോടതി നടിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടർന്നാണ് ഡൽഹിയിൽ നിന്ന് മീരയെ അറസ്റ്റ് ചെയ്തത്. നടിയെ ഓഗസ്റ്റ് 11ന് ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും.
അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് മൂന്ന് വർഷമായിട്ടും നടിയെ പിടികൂടാൻ സാധിക്കാത്തതിൽ കോടതി പൊലീസിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. മീര മിഥുനും സുഹൃത്ത് സാം അഭിഷേകിനുമെതിരെ ഏഴു വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ സിനിമയിൽ നിന്ന് പുറത്താക്കണമെന്ന് നടി പറഞ്ഞതാണ് കേസിലേയ്ക്ക് നയിച്ചത്. വിവിധ സംഘടനകൾ നടിക്കെതിരെ പരാതി നൽകിയിരുന്നു.
വിജയ് ടിവിയിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെയാണ് നടി പ്രശസ്തയായത്. വിജയ് ടിവിയിലെ ജോഡി നമ്പർ വൺ എന്ന പരിപാടിയിലും പങ്കെടുത്തിരുന്നു. 8 തോട്ടകൾ, താന സേർന്ത കൂട്ടം, ബോധൈ യെരി ബുദ്ധി മാരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.