'പാർലമെന്റിൽ പശുക്കളെ കയറ്റണമായിരുന്നു, ഇനിയും  വെെകിയാൽ പശുക്കളുമായി എത്തും'

Tuesday 05 August 2025 10:01 AM IST

മുംബയ്: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ പശുവിനെ അകത്തേക്ക് കൊണ്ടുപോകേണ്ടതായിരുന്നുവെന്ന് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു. ഉദ്ഘാടനവേളയിൽ പശുവിന്റെ പ്രതിമ ഉള്ളിലേക്ക് പ്രവേശിപ്പിച്ചവർ ഒരു യഥാർത്ഥ പശുവിനെകൂടി അകത്തേക്ക് കടത്താൻ തയാറാകണമായിരുന്നെന്നും അതിന് ഇനിയും വെെകിയാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പശുക്കളുമായി പാലമെന്റിലെത്തുമെന്നും ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കെെവശം ഉണ്ടായിരുന്ന ചെങ്കോലിന് മുകളിൽ ഒരു പശുവിന്റെ പ്രതിമ കൊത്തിവച്ചിട്ടുണ്ട്. ഇതിനെ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉദ്ഘാടന സമയത്ത് മോദിയുടെ കെെവശം ഉണ്ടായിരുന്ന ആ ചെങ്കോൽ ഇപ്പോഴും പാർലമെന്റിൽ ഉണ്ട്. പശുക്കളെ ആദരിക്കുന്നതിന് മഹാരാഷ്ട്ര സർക്കാർ ഉടൻ ഒരു പ്രോട്ടോക്കോൾ രൂപീകരിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.

'പശുവിനെ എങ്ങനെ ബഹുമാനിക്കണമെന്ന് സംസ്ഥാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആളുകൾക്ക് പിന്തുടരാൻ കഴിയുന്ന തരത്തിൽ ഒരു പ്രോട്ടോക്കോൾ ഉണ്ടാക്കണം. അത് ലംഘിച്ചാൽ ശിക്ഷ നൽകണം. ഇന്ത്യയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു 'രാമധം'( 100 പശുക്കളെ ഉൾക്കൊള്ളുന്ന ഒരു ഗോശാല) വേണം. പശുവിനെ സംരക്ഷിക്കുന്നവരെ മാത്രമേ തിരഞ്ഞെടുപ്പുകളിൽ വിജയിപ്പിക്കാവു. ഇപ്പോഴാത്തെ ബിജെപി ഭരണകൂടം തങ്ങളെ പൂർണമായും തൃപ്തരാക്കിയിട്ടില്ല. രാജ്യത്തെ മുഴുവൻ അറവുശാലകളും ഉടൻ അടച്ചുപൂട്ടാൻ സർക്കാർ മുൻകെെയെടുക്കണം'- ശങ്കരാചാര്യർ പറഞ്ഞു.