ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; കുറ്റം സമ്മതിച്ച് ജീവനക്കാർ, പണം ഉപയോഗിച്ച് സ്വർണം വാങ്ങി

Tuesday 05 August 2025 12:11 PM IST

തിരുവനന്തപുരം: നടൻ കൃഷ്‌ണകുമാറിന്റെ മകൾ ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതികൾ കുറ്റം സമ്മതിച്ചു. കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് മുൻ ജീവനക്കാരികൾ തട്ടിപ്പ് നടത്തിയതായി സമ്മതിച്ചത്. 40 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായാണ് വിവരം. ദിയയുടെ ക്യുആർ കോഡിന് പകരം തങ്ങളുടെ ക്യുആർ കോഡ് ഉപയോഗിച്ച് തട്ടിയ പണം പ്രതികൾ പങ്കിട്ടെടുത്തു. ഇത് സ്വർണം വാങ്ങാൻ ഉപയോഗിച്ചെന്നും പ്രതികൾ മൊഴി നൽകി.

തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ സ്കൂട്ടറും സ്വർണവും കണ്ടുകെട്ടുമെന്ന് ക്രെെംബ്രാഞ്ച് അറിയിച്ചു. ദിയയുടെ ഉടമസ്ഥതയിലുള്ള 'ഒ ബൈ ഓസി' എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരാണ് പ്രതികൾ. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ ജീവനക്കാരിൽ രണ്ടുപേർ ആഗസ്റ്റ് ഒന്നാം തീയതി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. വിനീത, രാധാകുമാരി എന്നിവരാണ് കീഴടങ്ങിയത്. മറ്റൊരു പ്രതിയായ ദിവ്യയ്‌ക്കെതിരെയുള്ള അന്വേഷണം തുടരുകയാണ്. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികൾ പണം തട്ടുന്നതിന് തെളിവുണ്ടെന്ന് പൊലീസ് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. മൂന്ന് ജീവനക്കാരികളുടെ ബാങ്ക് രേഖകളിലും ഇത് വ്യക്തമാണ്.