'അദ്ദേഹത്തെ കാണുമ്പോൾ അഭിമാനവും ആരാധനയും, സിനിമാ ലോകത്ത് ഉടൻ മടങ്ങിയെത്തുമെന്ന് പറഞ്ഞിരുന്നു'

Tuesday 05 August 2025 2:29 PM IST

സിനിമാ രംഗത്തേക്ക് പ്രവേശിക്കുമ്പോൾ താൻ ഉൾപ്പെടെയുള്ള കലാകാരന്മാർ ആരാധിച്ചിരുന്ന ഒരാളായിരുന്നു ഷാനവാസ് എന്ന് നടനും എംഎൽഎയുമായ മുകേഷ്. അസുഖബാധിതനായ ഷാനവാസിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു മുകേഷ് ഷാനവാസിന് അനുശോചനം രേഖപ്പെടുത്തിയത്. വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നാല് വർഷമായി ഷാനവാസ് ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതോടെ തിങ്കളാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മുകേഷിന്റെ കുറിപ്പ്

‘ആദരാഞ്ജലികൾ. ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്ന കാലഘട്ടത്തിൽ ഞാൻ ഉൾപ്പെടെയുള്ള കലാകാരന്മാർ ആരാധനയോടും അത്ഭുതത്തോടും നോക്കിക്കണ്ട ഒരാളായിരുന്നു ഷാനവാസ്. അന്ന് ചെന്നൈയിൽ വച്ച് അദ്ദേഹത്തെ കാണുമ്പോഴൊക്കെ ഞങ്ങൾക്ക് വലിയ അഭിമാനമായിരുന്നു. കാരണം മലയാളത്തിന്റെ മഹാനായ കലാകാരൻ പ്രേം നസീറിന്റെ മകനാണ് അദ്ദേഹം. അസുഖബാധിതനായി കിടക്കുന്നത് അറിഞ്ഞ് അടുത്തകാലത്ത് അദ്ദേഹത്തെ കാണാൻ ചെന്നപ്പോഴും ഞാൻ ഉടനെ സിനിമ ലോകത്തേക്ക് മടങ്ങിവരുമെന്ന് വളരെ ആത്മവിശ്വാസത്തോടെ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു'. -മുകേഷ് കുറിച്ചു.