'ഓടിക്കോ' അലറിവിളിച്ച് ഓടുന്നവർ, തൊട്ടുപിന്നിൽ പ്രളയജലം, ഉത്തരകാശിയിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഉത്തരകാശി: ഉത്തരകാശിൽ ഇന്ന് ഉച്ചയോടെയുണ്ടായ മേഘവിസ്‌ഫോടനത്തിൽ നാല് പേർ മരിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്‌തു എന്നാണ് റിപ്പോർട്ടുകൾ. മേഘവിസ്‌ഫോടനത്തിൽ ധരാലി ഗ്രാമത്തിൻറെ ഒരു ഭാഗംതന്നെ ഒലിച്ചുപോയതായാണ് വിവരം. ഇതിനുപുറമേ നിരവധി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഹോം സ്റ്റേകൾ എന്നിവയും പ്രളയജലത്തിൽ തകർന്നുപോയി.
50 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം പുറത്തുവന്നത്. എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് സൂചന. മേഘസ്‌ഫോടനത്തെ തുടർന്ന് കുതിച്ചെത്തുന്ന ജലം കണ്ട് പ്രാണരക്ഷാർത്ഥം ഓടുന്ന രണ്ടുപേരുടെ വീഡിയോ ദൃശ്യങ്ങൾ ഇതിനിടെ പുറത്തുവന്നു. 'ഓടിക്കോ..ഓടിക്കോ' എന്ന് വിളിച്ചുപറഞ്ഞോടുന്ന രണ്ടുപേരെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇവർ രക്ഷപ്പെട്ടോ എന്ന വിവരം ലഭ്യമല്ല.
🛑 उत्तरकाशी, हर्षिल क्षेत्र में खीर गाड़ का जलस्तर बढने से धराली में नुकसान होने की सूचना पर पुलिस, SDRF, आर्मी आदि आपदा दल मौके पर राहत एवं बचाव कार्य में जुटे हैं। उक्त घटना को देखते हुए सभी नदी से उचित दूरी बनायें। स्वयं, बच्चों व मवेशियों को नदी से उचित दूरी पर ले जायें। pic.twitter.com/tAICzWQUzc
— Uttarkashi Police Uttarakhand (@UttarkashiPol) August 5, 2025
ഖീർഗംഗ നദിയുടെ വൃഷ്ടിപ്രദേശത്തായിരുന്നു മേഘവിസ്ഫോടനം സംഭവിച്ചത്. പൊലീസ്, എൻഡിആർഎഫ്, സൈന്യം, എന്നിവർ സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ധരാലി ഗ്രാമത്തിലെ ഘീർഗഡ് മേഖലയിലാണ് മേഘസ്‌ഫോടനം സംഭവിച്ചത് എന്നാണ് സൈന്യം നൽകുന്ന വിവരം. ഉച്ചയ്‌ക്ക് 1.45ഓടെയാണ് സംഭവമുണ്ടായത്. ജലവും പാറയും ചെളിയുമടക്കമുള്ള വസ്‌തുക്കൾ കുതിച്ചെത്തിയാണ് നാശമുണ്ടായത്.