'വ്യാപാര പങ്കാളിയെ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്', ട്രംപിന്റെ ഭീഷണിയില്‍ ഇന്ത്യക്ക് പിന്തുണയുമായി റഷ്യ

Tuesday 05 August 2025 8:40 PM IST

മോസ്‌കോ: തീരുവയുടെ പേരില്‍ ഇന്ത്യക്ക് മേല്‍ നിയമവിരുദ്ധ വ്യാപാര സമ്മര്‍ദ്ദം ചെലുത്തുകയാണ് അമേരിക്കയെന്ന് ആരോപണവുമായി റഷ്യ. ഇന്ത്യക്ക് മേല്‍ തീരുവ യുദ്ധം പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് നിലപാട് കടുപ്പിക്കുന്നതിനിടെയാണ് പിന്തുണയുമായി റഷ്യ രംഗത്ത് വന്നിരിക്കുന്നത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ തീരുവ ഇനിയും ഉയര്‍ത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. വ്യാപാര പങ്കാളിയെ തിരഞ്ഞെടുക്കാന്‍ പരമാധികാര രാഷ്ട്രങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് റഷ്യയുടെ നിലപാട്.

റഷ്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാന്‍ വേണ്ടി അമേരിക്ക രാജ്യങ്ങളെ നിര്‍ബന്ധിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായുള്ള നിരവധി പ്രസ്താവനകള്‍ കേള്‍ക്കാനിടയായി. അത്തരം പ്രസ്താവനകള്‍ നിയമപരമെന്ന് തങ്ങള്‍ കരുതുന്നില്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുക്രെയ്‌നെതിരെയുള്ള സൈനിക നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യയുമായി ഊര്‍ജ വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് കനത്ത തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യക്ക് തീരുവ വര്‍ദ്ധിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചത്. ട്രംപിന്റെ താരിഫ് ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്നാണ് ഇന്ത്യ നേരത്തെ പ്രതികരിച്ചത്. രാജ്യത്തെ പൗരന്‍മാരുടെ താത്പര്യം സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. റഷ്യ - യുക്രെയ്ന്‍ യുദ്ധം തുടങ്ങിയപ്പോള്‍ മുതലാണ് ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി തുടങ്ങിയത്.

അന്നുതൊട്ട് യുഎസും യൂറോപ്യന്‍ യൂണിയനും ഇന്ത്യയെ ഉന്നംവയ്ക്കുന്നു. യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് പരമ്പരാഗത ഇറക്കുമതിമാര്‍ഗങ്ങള്‍ തടയപ്പെട്ടതോടെയാണ് റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി തുടങ്ങിയത്. അക്കാലത്ത് അമേരിക്ക അതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. എണ്ണയുടെ ആഗോളവിപണി ശക്തമാക്കുമെന്നാണ് അന്ന് യുഎസ് പറഞ്ഞിരുന്നത്'- വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പില്‍ വിശദീകരിച്ചു.