'മാസങ്ങളായി ശമ്പളം നൽകുന്നില്ല' വേറിട്ട പ്രതിഷേധവുമായി ടെക്കി യുവാവ്: സംഭവം വൈറൽ
പൂനെ:ശമ്പളം നൽകാത്തതിനെത്തുടർന്ന് ഫുട്പാത്തിൽ കിടന്നുറങ്ങി പ്രതിഷേധിച്ച് ടി സി എസ് ജീവനക്കാരൻ. പൂനെയിലെ സഹ്യാദ്രി പാർക്ക് കാമ്പസിന് പുറത്തുള്ള ഫുട്പാത്തിൽ ഉറങ്ങുന്ന സൗരഭ് മോർ എന്ന യുവാവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിരിക്കുകയാണ്. ഉറങ്ങുന്നതിന് അരികിൽ വച്ചിരുന്ന കുറിപ്പിൽ ടി സി എസ് മാസങ്ങളായി ശമ്പളം നൽകിയിട്ടില്ലെന്നും തന്റെ പക്കൽ പണമില്ലെന്നും ടിസിഎസിന് പുറത്ത് ഫുട്പാത്തിൽ ഉറങ്ങാനും താമസിക്കാനും നിർബന്ധിതനായെന്ന് എച്ച്ആറിനെ അറിയിച്ചിട്ടുണ്ടെന്നും പറയുന്നു.
ജൂലൈ 29 ന് അവധിക്ക് ശേഷം ഓഫീസിൽ തിരിച്ചെത്തിയപ്പോൾ, തന്റെ ഐഡി പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തിയെന്നും കമ്പനി സംവിധാനങ്ങളിലേക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെന്നും മോർ പറഞ്ഞു. മാനവ വിഭവശേഷി വകുപ്പുമായി കൂടിക്കാഴ്ച നടത്തിയിട്ടും ശമ്പളം പ്രോസസ്സ് ചെയ്യുമെന്ന് ഉറപ്പ് നൽകിയിട്ടും, കുടിശ്ശിക ലഭിച്ചില്ല.
ജീവനക്കാരന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. കമ്പനി നയത്തിന് അനുസൃതമായി ജോലിക്ക് ഹാജരാകാത്തതിനാൽ മോറിന്റെ ശമ്പളം താൽക്കാലികമായി തടഞ്ഞുവച്ചിരിക്കുന്നതായി ടിസിഎസ് ഇതിന് പ്രസ്താവനയുമായി പ്രതികരിച്ചു. മോറിന്റെ സാഹചര്യം പരിഹരിക്കാൻ കമ്പനി അദ്ദേഹത്തെ തുടർന്ന് സഹായിക്കുമെന്നും ടി സി എസ് അറിയിച്ചു.