വീടുകയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്പിച്ച ഒരാൾകൂടി പിടിയിൽ
ചിറയിൻകീഴ്: വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്പിച്ച് സ്വർണവും പണവും കവർന്ന മൂവർ സംഘത്തിലെ പ്രധാനി പിടിയിൽ. മുടപുരം ഡീസന്റ്‌മുക്ക് ചരുവിള വീട്ടിൽ അമീറി (49) നെയാണ് ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ചു ലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. മുടപുരം ഡീസന്റ്‌മുക്ക് ബൈത്തുൽ അഫ്സലിൽ മത്സ്യക്കച്ചവടക്കാരൻ ഷാജഹാനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ 31നായിരുന്നു സംഭവം. പുലർച്ചെ 2.30ഓടെ ഷാജഹാൻ മത്സ്യമെടുക്കാൻ പോകാനായി പുറത്തിറങ്ങിയപ്പോഴാണ് സംഘം ആക്രമിച്ചത്. തുടർന്ന് വീട്ടിൽക്കയറി പ്രതികളിലൊരാൾ ഭാര്യാമാതാവിന്റെ കഴുത്തിൽക്കിടന്ന മാലയും മത്സ്യമെടുക്കാൻ സൂക്ഷിച്ചിരുന്ന പണവും കവരുകയായിരുന്നു. ഷാജഹാന്റെ ഭാര്യാമാതാവിന്റെ സഹോദരിയുടെ മകനാണ് അമീർ. ഇനിയും ഈ കേസിൽ ഒരു പ്രതിയെക്കൂടി കിട്ടാനുണ്ടെന്നും പൊലീസ് അറിയിച്ചു. കേസിലെ മറ്റൊരു പ്രതിയെ പൊലീസ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു.