മണിരത്‌നം ചിത്രത്തിൽ ധ്രുവ് വിക്രം

Wednesday 06 August 2025 6:00 AM IST

നായിക രുക്‌മിണി വസന്ത്

സംഗീതം എ.ആർ. റഹ്‌മാൻ

തഗ് ലൈഫിനുശേഷം മണിരത്‌‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്രുവ് വിക്രം നായകൻ. സെപ്‌തംബറിൽ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന ചിത്രത്തിൽ രുക്‌മിണി വസന്ത് ആണ് നായിക. അറുപതു ദിവസത്തെ ചിത്രീകരണം പ്ളാൻ ചെയ്യുന്നു. റൊമാന്റിക് ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രത്തിന് എ.ആർ.റഹ്‌മാൻ സംഗീതം ഒരുക്കുന്നു. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസ് ആയിരിക്കും ചിത്രം നിർമ്മിക്കുക.അതേസമയം കമൽഹാസനും മണിരത്‌നവും 37 വർഷത്തിനുശേഷം ഒരുമിച്ച തഗ്‌ലൈഫ് വേണ്ട രീതിയിൽ ശ്രദ്ധ നേടിയില്ല. ഇതാദ്യമായാണ് ധ്രുവ് വിക്രം മണിരത്നം ചിത്രത്തിന്റെ ഭാഗം ആകുന്നത്. ചിയാൻ വിക്രമിന്റെ മകനായ ധ്രുവ് വിക്രം അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് മണിരത്‌നം സിനിമ. തെലുങ്ക് ബ്ളോക് ബസ്റ്റർ ചിത്രം അർജുൻ റെഡ്ഡിയുടെ റീമേക്കായ ആദിത്യവർമ്മ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ഒ.ടി.ടി റിലീസായിരുന്നു ആദിത്യവർമ്മ.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മഹാനിൽ വിക്രമിനൊപ്പം ധ്രുവ് വിക്രം അഭിനയിച്ചു. കബഡി താരമായി ബൈസൺ കാലമാടൻ ആണ് ധ്രുവ് വിക്രത്തിന്റെ പുതിയ ചിത്രം. ദീപാവലി റിലീസായി ഒക്ടോബർ 17ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ ആണ് നായിക. വാഴൈയ്‌ക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജിഷ വിജയൻ, ലാൽ, പശുപതി, കലൈയരശൻ, ഹരികൃഷ്ണൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കർണനുശേഷം മാരിസെൽവരാജ് ചിത്രത്തിൽ രജിഷ വിജയനും ലാലും ഒന്നിക്കുന്നു.