വിവാഹ മോചന അഭ്യൂഹം, ഒന്നും മിണ്ടാതെ ഹൻസിക

Wednesday 06 August 2025 6:57 AM IST

വിവാഹ മോചനത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമാകുമ്പോൾ വിവാഹ വീഡിയോ ഉൾപ്പെടെ പോസ്റ്റുകൾ സമൂഹമാദ്ധ്യമത്തിൽ നിന്ന് നീക്കം ചെയ്ത് നടി ഹൻസിക മോട്‌വാനി. ഭർത്താവ് സൊഹൈൽ കതൂരിയുമായി വിവാഹബന്ധം വേർപെടുത്താൻ ഹൻസിക ഒരുങ്ങുന്നുവെന്നാണ് വിവരം. 2022 ഡിസംബറിൽ ആയിരുന്നു വിവാഹം. ജിയോ ഹോട്സ്റ്റാറിൽ ആറു എപ്പിസോഡുകളുള്ള ഷോയിലൂടെയാണ് ഇരുവരും വിവാഹം ആഘോഷിച്ചത്. 2025 ജൂലായ് 18നു ശേഷം സമൂഹ മാദ്ധ്യമങ്ങളിൽ പുതിയ പോസ്റ്റുകളൊന്നും ഹൻസിക പങ്കുവച്ചിട്ടില്ല. സമൂഹമാദ്ധ്യമങ്ങളിൽ നിന്നുള്ള ഹൻസികയുടെ അസാന്നിദ്ധ്യവും സൊഹൈലിനൊപ്പമുള്ള മിക്ക പോസ്റ്റുകളും ഡിലീറ്റ് ചെയ്തതും ഇവരുടെ ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടെന്ന് പലരും വിശ്വസിക്കാൻ കാരണമായി. എന്നാൽ സൊഹൈലിനൊപ്പമുള്ള കുറച്ചു പോസ്റ്റുകൾ ഇപ്പോഴും നിലവിലുണ്ട്. 2023 മുതൽ സമൂഹമാദ്ധ്യമത്തിൽ സജീവമല്ലാത്ത സൊഹൈൽ കതൂരിയ തന്റെ പ്രൊഫൈൽ പ്രൈവറ്റാക്കിയിരിക്കുകയാണ്. 2022ൽ പാരീസിലെ ഈഫൽ ടവറിനു താഴെ വച്ച് സൊഹൈൽ വിവാഹാഭ്യർത്ഥന നടത്തിയതോടെ ഹൻസികയുടെയും സൊഹൈലിന്റെയും വിവാഹം വലിയ വാർത്തയായി മാറി. വിവാഹത്തിനു മുൻപേ ഹൻസികയും സൊഹൈലും സുഹൃത്തുക്കളായിരുന്നു. ഹൻസികയുടെ അടുത്ത സുഹൃത്ത് റിങ്കി ബജാജിനെയായിരുന്നു സൊഹൈൽ ആദ്യം വിവാഹം കഴിച്ചത്. ഹൻസികയുടെ സഹോദരനും സൊഹൈലും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. വിവാഹശേഷം താൻ അമ്മയോടൊപ്പം അപ്പാർട്ട്‌മെന്റിൽ നിന്നു മാറി സൊഹൈലിനൊപ്പം താമസിക്കാൻ പോവുകയാണെന്ന് ഹൻസിക വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉയർന്നതോടെ, ഹൻസിക അമ്മയുടെ അടുത്തേക്ക് താമസം മാറിയതായും അഭ്യൂഹങ്ങളുണ്ട്. വിവാഹ മോചന അഭ്യൂഹങ്ങളോട് ഹൻസികയും സൊഹൈലും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തിൽ വൈകാതെ ഹൻസികയുടെ പ്രതികരണം ഉണ്ടാകുമെന്ന അടക്കംപറച്ചിൽ ശക്തമാണ്.