ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനം; സൈനികരെ കാണാനില്ലെന്ന് കരസേന, കനത്ത ജാഗ്രത നിര്‍ദേശം

Tuesday 05 August 2025 11:03 PM IST

ഡെഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തെ തുരത്തിയെറിഞ്ഞ മിന്നല്‍ പ്രളയത്തില്‍ വിറങ്ങലിച്ച് പ്രദേശവാസികള്‍. ഹര്‍ഷില്‍ ഉണ്ടായ മിന്നല്‍പ്രളയത്തില്‍ സൈനികരെ കാണാനില്ലെന്നാണ് കരസേനയെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമ്പത് സൈനികരെ കാണാനില്ലെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഉച്ചയക്ക് 1.45നാണ് മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍പ്രളയമുണ്ടായത്. ഇതിന് പിന്നാലെയാണ് സുഖി ടോപ്പിലെ സൈനിക ക്യാമ്പിന് സമീപത്തായി വീണ്ടും മേഘവിസ്‌ഫോടനമുണ്ടാകുകയായിരുന്നു.

അഞ്ച് പേരുടെ മരണമാണ് പ്രളയത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത്. ധരാലി ഗ്രാമം പൂര്‍ണമായും ഒഴുകിപ്പോയി, നൂറുകണക്കിന് ആളുകളെയാണ് ഇവിടെ നിന്ന് കാണാതായത്. ചാര്‍ധാം തീര്‍ത്ഥാടന കേന്ദ്രളിലൊന്നായ ഗംഗോത്രിയിലേക്കുള്ള പാതയിലെ പ്രഥാന താവളമാണ് ധരാലി. ടൗണിലെ വീടുകളും ഹോട്ടലുകളും റെസ്റ്റോറന്റുകളും റോഡുകളും ഒഴുകി പോയി. ഇവയുടെ യഥാര്‍ത്ഥ കണക്ക് ശേഖരിച്ചു വരികയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ദുരന്തത്തിന് ഇരയായെന്ന് ആശങ്കയുണ്ട്.

50ല്‍പ്പരം പേരെ രക്ഷിച്ച് ഹര്‍സിലിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ഹൃഷികേശിലെ എയിംസിലേക്കും കൊണ്ടുപോയി. രക്ഷാപ്രവര്‍ത്തനത്തിന് എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, ഐ.ടി.ബി.പി സംഘങ്ങളെയും നിയോഗിച്ചു. മണ്ണും കെട്ടിടാവശിഷ്ടങ്ങളും അടിഞ്ഞുകൂടിയിരിക്കുന്നതിനാല്‍ ഇവയ്ക്കടിയില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെടുക്കുക എളുപ്പമല്ല.

ഹര്‍ഷില്‍ മേഖലയിലെ ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്തുണ്ടായ മേഘവിസ്ഫോടനമാണ് ദുരന്തത്തിന് കാരണമായത്. ഇന്ത്യന്‍ സൈന്യം, സംസ്ഥാന ദുരന്തനിവാരണ സേന, ദേശീയ ദുരന്തനിവാരണ സേന, പോലീസ് തുടങ്ങിയ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.