ധർമ്മസ്ഥലയിൽ ഇതുവരെ കണ്ടെത്തിയത് 100 ഓളം അസ്ഥികൾ
ധർമ്മസ്ഥല (കർണാടക): ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ധർമ്മസ്ഥലയിൽ കൂട്ടക്കൊലപാതകങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇതുവരെ കണ്ടെത്തിയത് ഒരു മനുഷ്യന്റെ പൂർണ അസ്ഥികൂടവും 100 ഓളം അസ്ഥി ഭാഗങ്ങളും. ഇന്നലെ നടത്തിയ തെരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല. തെരച്ചിൽ തുടരും. കൂടുതൽ അസ്ഥികൾ കിട്ടിയ പോയിന്റ് 11 എ എന്ന് എസ്.ഐ.ടി നാമകരണം ചെയ്തു. 12 പോയിന്റ്റുകളിൽ പരിശോധന പൂർത്തിയായി.
ശുചീകരണ തൊഴിലാളി അടയാളപ്പെടുത്തി നൽകിയ 13 പോയിന്റുകളിൽ 11 ഇടത്തുനിന്നും പുതുതായി കാണിച്ചു കൊടുത്ത സ്ഥലത്തു നിന്നുമാണ് ഏഴു ദിവസത്തിനിടെ ഇവ കണ്ടെടുത്തത്. എസ്.ഐ.ടി 'സർപ്രൈസ് സ്‌പോട്ട്' എന്ന് വിശേഷിപ്പിച്ച നേത്രാവതിക്ക് സമീപമുള്ള ബംഗളഗുഡെയിലെ കുന്നിൻ മുകളിൽ നിന്നാണ് പൂർണ അസ്ഥികൂടവും കൂടുതൽ അസ്ഥികളും കണ്ടെത്തിയത്. പൂർണ അസ്ഥികൂടം പുരുഷന്റേതോ സ്ത്രീയുടേതോ എന്നറിയാൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
കുന്നിന്റെ മുകളിൽ നിന്ന് സ്ത്രീയുടെ വസ്ത്രങ്ങളും കിട്ടിയിട്ടുണ്ട്. നേരത്തെ ചൂണ്ടിക്കാട്ടിയ 13 പോയിന്റുകൾ കൂടാതെ 70 ഓളം ഇടങ്ങളിലും തെരച്ചിൽ നടത്തണമെന്ന് ശുചീകരണ തൊഴിലാളി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ചൂണ്ടിക്കാട്ടിയ പോയിന്റുകൾ പിന്നീട് കൃത്യമല്ലെന്ന് തോന്നിയാൽ തിരുത്താൻ ശുചീകരണ തൊഴിലാളിക്ക് അവകാശമുണ്ടെന്ന് അഡ്വ.എൻ.മഞ്ചുനാഥ പറഞ്ഞു. 2003ൽ ക്ഷേത്രദർശനത്തിനെത്തി കാണാതായ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി അനന്യ ഭട്ടിന്റെ തിരോധാനത്തിന് തുമ്പുണ്ടാക്കാൻ ശ്രമിക്കുന്ന അഭിഭാഷകനാണ് ഇദ്ദേഹം.
അതേസമയം, മണ്ണിനടിയിലെ മൃതദേഹ അവശിഷ്ട സാദ്ധ്യത കണ്ടെത്താനുള്ള ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ എത്തിക്കാതിരിക്കാൻ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതായി ആരോപണമുയർന്നു. തെരച്ചിലിന് ജി.പി.ആർ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് അനന്യ ഭട്ടിന്റെ അമ്മ സുജാത ഭട്ട് ആവശ്യപ്പെട്ടു.