'ഡൊണാൾഡ് ട്രംപ് വെടിനിർത്തലിന് ഇടപെട്ടെന്ന വാർത്ത അടിസ്ഥാന രഹിതം' ട്രോളുമായി വസീം ജാഫർ

Tuesday 05 August 2025 11:49 PM IST

മുംബയ്: ഇന്ത്യ-ഇംഗ്‌ളണ്ട് മത്സരങ്ങൾക്കിടയിലെ തീപ്പൊരി ചേരുവയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള മുൻ ഇന്ത്യൻ താരം വസീം ജാഫറിന്റെയും മൈക്കൽ വോണിന്റെയും പോസ്റ്റുകളും മറുപടികളും. ഇന്ത്യ-ഇംഗ്ളണ്ട് പോരാട്ടം കാണുന്ന ഫാൻസിന് ഇവരുടെ പോസ്റ്റുകളിൽ പ്രതികരണം വലിയ ഇഷ്‌ടമാണ്. ഇക്കൂട്ടത്തിൽ ഇന്ന് വസീം ജാഫർ എക്‌സിൽ കുറിച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ ട്രോളിക്കൊണ്ടുള്ളതാണ് പോസ്റ്റ്.

ലോകരാജ്യങ്ങൾ തമ്മിലെ പ്രശ്‌നങ്ങളിൽ ട്രംപ് മദ്ധ്യസ്ഥം വഹിച്ചതായി അഭിപ്രായപ്പെടാറുള്ള സാഹചര്യത്തെയാണ് ഇവിടെ ജാഫറും സന്ദർഭമാക്കുന്നത്. 'എനിക്കും മൈക്കൽ വോണിനും ഇടയിൽ വെടിനിർത്തലിന് ഡൊണാൾഡ് ട്രംപ് ഇടപെട്ടെന്ന വാദം അടിസ്ഥാന രഹിതവും സത്യവിരുദ്ധവുമാണ്. സമൂഹമാദ്ധ്യമങ്ങളിലെ ഈ പോരാട്ടം തുടരും. നിങ്ങളുടെ ശ്രദ്ധയ്‌ക്ക് നന്ദി.' എന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്.

ഇന്ത്യ-ഇംഗ്‌ളണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര കഴിഞ്ഞ ദിവസം ഇന്ത്യ ആറ് റൺസിന് ജയിച്ചതോടെ

2-2ന് പരമ്പര സമനിലയിലായിരുന്നു. പരമ്പര ഒരു മത്സരം പോലും ഇന്ത്യ ജയിക്കില്ലെന്നായിരുന്നു വോണിന്റെ പ്രവചനം. ഇതിന് തിരികെ ജാഫർ മറുപടിയും നൽകിയിരുന്നു.