ദിയകൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് തട്ടിയത് 40ലക്ഷം, സ്വർണവും വാഹനവും വാങ്ങി
പണം മൂന്നായി പങ്കിട്ടു
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയാകൃഷ്ണയുടെ കവടിയാറിലെ സ്ഥാപനത്തിൽനിന്ന് ക്യുആർ കോഡ് വഴി ജീവനക്കാരികൾ പ്രതിദിനം തട്ടിയത് രണ്ട് ലക്ഷം രൂപവരെ. ഇത് ഉപയോഗിച്ച് സ്വർണവും വാഹനങ്ങളും വാങ്ങിയെന്നും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിൽ പ്രതികളായ ദിവ്യ, രാധാ കുമാരി എന്നിവരെ കവടിയാറിലെ സ്ഥാപനത്തിൽ തെളിവെടുപ്പിനെത്തിച്ചു. തട്ടിപ്പ് നടത്തിയത് എങ്ങനെയെന്ന് ഇവർ പൊലീസിനോട് വിവരിച്ചു. മറ്റൊരു പ്രതി ദീപ്തി ഒളിവിലാണ്. ദിയാ കൃഷ്ണ കടയിൽ സ്ഥാപിച്ചിരുന്ന ക്യൂ.ആർ കോഡിന് പകരം മൂവരും തങ്ങളുടെ ഫോണിലെ ക്യൂആർ കോഡിലേക്കാണ് പണം വാങ്ങിയിരുന്നത്. ശരാശരി രണ്ടു ലക്ഷം രൂപ വരെ തട്ടിയെടുത്ത ദിവസങ്ങളുണ്ട്. ഒരുവർഷത്തോളം ഇത് തുടർന്നു. കിട്ടുന്ന പണം മൂന്നായി പങ്കിട്ടു. പഴയ സ്വർണങ്ങൾ വിറ്റ് അതിനൊപ്പം കൂടുതൽ പണം നൽകി പുതിയത് വാങ്ങി. ദിവ്യ സ്ക്കൂട്ടറും വാങ്ങി. മറ്റുള്ളവരും വാഹനം വാങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. മൂവരും ആഭരണങ്ങളും വാങ്ങി. സ്‌കൂട്ടർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. സ്വർണം സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളിൽ പണയം വച്ചിരിക്കുകയാണ്. ഇത് വിട്ടുനൽകാൻ സ്ഥാപനങ്ങൾക്ക് ക്രൈംബ്രാഞ്ച് കത്ത് നൽകി. ഭർത്താക്കന്മാർക്കും പണം നൽകിയതായി മൊഴിയുണ്ട്.
തട്ടിപ്പ് തുടങ്ങിയതുമുതൽ പ്രതികൾ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്നും കണ്ടെത്തി. വൻകിട വസ്ത്രശാലകളിലും ഹോട്ടലുകളിലും പണം ചെവഴിച്ചതായും വ്യക്തമായി. തട്ടിയെടുത്തതിൽ നിന്ന് കുറച്ചു പണം പലപ്പോഴായി ദിയയ്ക്ക് കൈമാറിയെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ടെങ്കിലും തെളിവുകളില്ല. ദിയയുടെ ഫ്ളാറ്റ്,സ്ഥാപനം,ആഭരണം വാങ്ങിയ ജുവലറി എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടന്നത്.
തട്ടിപ്പ് പിടിക്കപ്പെട്ടതിനു പിന്നാലെ ദിയാകൃഷ്ണയ്ക്കും കുടുംബത്തിനുമെതിരെ പ്രതികൾ രംഗത്തെത്തിയിരുന്നു. നികുതിവെട്ടിപ്പിനായി ദിയ പറഞ്ഞത് പ്രകാരമായിരുന്നു തങ്ങളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങിയതെന്നായിരുന്നു ഇവരുടെ വാദം. തെളിവുകൾ എതിരായതോടെ ഒളിവിൽപ്പോയി. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് രണ്ടുപേർ കീഴടങ്ങിയത്.
തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. രണ്ടാം പ്രതി ദീപ്തിയെ അറസ്റ്റ് ചെയ്ത ശേഷം മൂന്നുപേരെയും ഒരുമിച്ച് വീണ്ടും കസ്റ്റഡിയിൽ വാങ്ങിയേക്കും.
എം.ആർ.പിയില്ല, ബാർകോഡില്ല
സ്ഥാപനത്തിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ നൽകുന്ന ബില്ലിൽ കസ്റ്റമറുടെ പേരും ഫോൺ നമ്പറും വയ്ക്കാറില്ലെന്ന് പ്രതികൾ. ആഭരണങ്ങളുടെ വില നിശ്ചയിക്കുന്നത് ദിയയാണ്. കസ്റ്റമർ സെലക്ട് ചെയ്യുന്ന ആഭരണത്തിന്റെ ചിത്രം ദിയയ്ക്ക് അയക്കുമ്പോൾ വില നിശ്ചയിച്ച് ദിയ മറുപടി നൽകും. വില അറിയുന്നതിനുള്ള ബാർകോഡ് ആഭരണങ്ങളിലില്ല.