കൊടി സുനിയുടെ പരസ്യ മദ്യപാനം: പരാതിയില്ലെന്ന് പൊലീസ്; ഉണ്ടെന്ന് കെ.എസ്.യു

Wednesday 06 August 2025 1:24 AM IST

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയും സംഘവും കോടതി പരിസരത്ത് മദ്യപിച്ചതിൽ സ്വമേധയാ കേസെടുക്കാൻ സാധിക്കില്ലെന്ന് തലശേരി പൊലീസ്. മെഡിക്കൽ പരിശോധന നടത്താത്തതിനാൽ കഴിച്ചത് മദ്യമാണെന്ന് തെളിയിക്കാൻ കഴിയില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു.

അതിനിടെ ഇന്നലെ കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ഡി.ജി.പി റവാഡ ചന്ദ്രശേഖർ സംഭവം സേനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന് വിലയിരുത്തി. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ കോടതിയിൽ ഹാജരാക്കുന്ന പ്രതികൾക്ക് സീനിയർ ഉദ്യോഗസ്ഥരെ എസ്‌കോർട്ടിന് നിയോഗിക്കാനും തീരുമാനിച്ചു.

ആർ.എസ്.എസ് പ്രവർത്തകരായ വിജിത്ത് (28), ഷിനോജ് (29) എന്നിവരെ കൊന്ന കേസിൽ തലശേരി അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് പ്രതികൾ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ പരസ്യമായി മദ്യപിച്ചത്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ കൊടി സുനിയുടെയും സംഘത്തിന്റെയും തുടർവിചാരണ വീഡിയോ കോൺഫറൻസ് വഴിയാണ് കഴിഞ്ഞ ദിവസം നടത്തിയത്. വീഡിയോ കോൺഫറൻസിൽ ജയിൽ വേഷത്തിന് പകരം കാവിമുണ്ട് ധരിച്ചെന്ന ആക്ഷേപമുണ്ട്. എന്നാൽ കേസിൽ കൊടി സുനി വിചാരണ തടവുകാരനാണെന്നതിനാൽ അതിൽ അസ്വാഭാവികതയില്ലെന്നാണ് നിയമവിദഗ്‌ദ്ധർ പറയുന്നത്.

 കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി

പരസ്യ മദ്യപാനത്തിൽ കൊടി സുനിക്കെതിരെ നടപടിയെടുക്കുമെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ പറഞ്ഞു. വീഴ്‌ച ഉണ്ടോയെന്നു പരിശോധിച്ച് കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും. ചേർത്തലയിലെ തിരോധാന കേസുകളിൽ സമഗ്ര അന്വേഷണം നടത്തുമെന്നും ഡി.ജി.പി വ്യക്തമാക്കി.