പാറശാലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം
പാറശാല: പാറശാലയിൽ തെരുവ്നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നത് കാൽനട യാത്രക്കാർക്ക് ഭീഷണിയാവുന്നു. കവലകളിൽ ഒത്തുകൂടുന്ന തെരുവ് നായ്ക്കൾ കൂട്ടംകൂട്ടമായി സഞ്ചരിക്കുന്നതും റോഡിന് കുറുകെ ഓടുന്നതും പലപ്പോഴും ഇരുചക്രവാഹന യാത്രക്കാരെ അപകടത്തിൽപ്പെടുത്താറുണ്ട്. പൊതുയിടങ്ങളിൽ തെരുവ്നായ്ക്കളുടെ ശല്യം കാരണം പൊറുതി മുട്ടിയിരിക്കുകയാണ്. തെരുവ് നായ്ക്കൾ കൂട്ടമായെത്തി സ്‌കൂൾ കുട്ടികളെയും വൃദ്ധരെയും ആക്രമിക്കുന്ന സംഭവങ്ങളും നടന്നിട്ടുണ്ട്. എന്നാൽ ചില സ്ഥാപനങ്ങളിലും മറ്റും തെരുവുനായ്ക്കളെ കാവൽനായകളായി ഉപയോഗിക്കുന്നതിൽ നാട്ടുകാർക്ക് വ്യാപക പരാതിക്ക് കാരണമായിട്ടുണ്ട്.
പാറശാല താലൂക്ക് ആസ്ഥാന ആശുപത്രിയിലും പരിസരങ്ങളിലും രാത്രികാലങ്ങളിൽ ചികിത്സതേടിയെത്തുന്ന രോഗികളെയും കൂട്ടിരുപ്പുകാരെയും തെരുവുനായ്ക്കൾ കൂട്ടംചേർന്ന് ആക്രമിക്കുന്ന സംഭവങ്ങളും പതിവാണ്.
കൂടുതൽ ആക്രമണങ്ങൾ
പാറശാല കുറുങ്കുട്ടിയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപവും, കാരാളി, ഇഞ്ചിവിള, നെടുവാൻവിള, ചെറുവാരക്കോണം, പുത്തൻകടയിലെ പൊതുമാർക്കറ്റ്, ഇടിച്ചക്കപ്ലാമൂട്, കൊറ്റാമം, വന്യക്കോട്, മുള്ളുവിള എന്നിവിടങ്ങളിൽ നിരവധി പേർക്ക് തെരുവ്നായയുടെ ആക്രമണം നേരിട്ട സംഭവങ്ങളുണ്ട്.
നായ്ക്കളെ ഉപേഷിക്കുന്നു
ഹോട്ടലുകളിൽ നിന്നും ബേക്കറികളിൽ നിന്നും അറവുശാലകളിൽ നിന്നും പൊതുസ്ഥലങ്ങളിലേക്ക് ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ ഭക്ഷിച്ചാണ് തെരുവ് നായ്ക്കൾ പെറ്റുപെരുകുന്നത്. എന്നാൽ തമിഴ്‌നാട്ടിൽ നിന്നും പിടികൂടുന്ന തെരുവ് നായ്ക്കളെ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കയറ്റി അതിർത്തികടന്നെത്തിച്ച് കേരളത്തിൽ വിജനമായ സ്ഥലങ്ങളിൽ ഉപേഷിച്ച് കടന്നുകളയുന്നതായും പരാതിയുണ്ട്. തെരുവ് നായ്ക്കൾക്കായി വാക്സിനേഷനും വന്ധ്യംകരണവും ശരിയായ രീതിയിൽ നടക്കാത്തതാണ് തെരുവ്നായ്ക്കൾ പെറ്റുപെരുകുന്നതിനുള്ള കാരണം.