ഓപ്പറേഷൻ സിന്ദൂർ: മോദിയെ പ്രകീർത്തിച്ച് എൻ.ഡി.എ പ്രമേയം

Wednesday 06 August 2025 1:15 AM IST

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായ 'ഓപ്പറേഷൻ സിന്ദൂർ", 'ഓപ്പറേഷൻ മഹാദേവ്" എന്നിവയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് എൻ.ഡി.എ പ്രമേയം. എൻ.ഡി.എ സഖ്യം 27 വർഷം പൂർത്തിയായതിന്റെ കൂടി പശ്ചാത്തലത്തിൽ ഇന്നലെ സംഘടിപ്പിച്ച എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിലാണിത്. അസാധാരണമായ ധൈര്യവും അചഞ്ചലമായ പ്രതിബദ്ധതയും മോദി കാഴ്ചവച്ചുവെന്ന് പ്രമേയത്തിൽ പറയുന്നു. യോഗത്തിൽ മോദിയെ മുക്തകണ്ഠം പ്രശംസിച്ച നേതാക്കൾ, അദ്ദേഹത്തെ പുഷ്‌പഹാരം അണിയിച്ച് അഭിനന്ദിച്ചു. മൂന്നാം മോദി സർക്കാർ അധികാരമേറ്റ ശേഷം സഭാ സമ്മേളനത്തിനിടെ ഇത്തരത്തിൽ നടക്കുന്ന രണ്ടാമത്തെ യോഗമാണിത്.

 വികസനക്കുതിപ്പിലെന്ന് മോദി

രാജ്യം വികസനക്കുതിപ്പിലാണെന്ന് മോദി വ്യക്തമാക്കി. വികസനം തുടങ്ങിയിട്ടേയുള്ളു. കൂടുതൽ പുരോഗതിയിലേക്ക് നീങ്ങുന്നു. എൻ.‌‌ഡി.എ സർക്കാർ ഭരണഘടന മാനിച്ചാണ് മുന്നോട്ടു പോകുന്നത്. രാജ്യസുരക്ഷയെ കുറിച്ച് നിരുത്തരവാദപരമായ അഭിപ്രായം പറയുന്നതിൽ നിന്ന് ആർക്കും രക്ഷപ്പെടാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് മോദി പറ‌ഞ്ഞു. ഭരണഘടനയ്‌ക്ക് മുകളിലാണ് തങ്ങളുടെ കുടുംബമെന്ന് നെഹ്റു കുടുംബം ചിന്തിക്കുന്നുവെന്നും കുറ്റപ്പെടുത്തി.