'പാകിസ്ഥാനെ യു.എസ് സഹായിച്ചു': വാർത്ത പുറത്തുവിട്ട് ഇന്ത്യൻ സൈന്യം

Wednesday 06 August 2025 1:18 AM IST

ന്യൂഡൽഹി: ട്രംപ് ഭീഷണി തുടരുന്നതിനിടെ പാകിസ്ഥാനെ യു.എസ് സഹായിച്ച പഴയ പത്രവാർത്ത പുറത്തുവിട്ട് ഇന്ത്യൻ സൈന്യം. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ പാകിസ്ഥാനെ യു.എസ് സഹായിച്ച പത്ര വാർത്തയാണ് സൈന്യത്തിന്റെ ഈസ്റ്റേൺ കമാൻഡ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. 1971 ആഗസ്റ്റ് അഞ്ചിലേതാണ് വാർത്ത. ഇന്ത്യ- പാക് യുദ്ധത്തിനുമുമ്പേ യു.എസ് രണ്ട് ബില്യൺ ഡോളർ വിലയുള്ള ആയുധങ്ങൾ പാകിസ്ഥാന് നൽകിയതായാണ് വാർത്ത. യു.എസും നാറ്റോയും പാകിസ്ഥാനെ സൈനികമായി സഹായിക്കുന്നതിന്റെ വിവരങ്ങൾ പ്രതിരോധ നിർമ്മാണത്തിന്റെ ചുമതലയുള്ള മന്ത്രി വി.സി.ശുക്ല രാജ്യസഭയെ അറിയിച്ചു. പാകിസ്ഥാന് ആയുധം നൽകുന്ന വാർത്തകൾ സോവിയറ്റ് യൂണിയനും ഫ്രാൻസും നിഷേധിച്ചിരുന്നു. എന്നാൽ, യു.എസ് ആയുധം നൽകുന്നത് തുടർന്നു. യു.എസും ചൈനയും നൽകിയ ആയുധങ്ങളുപയോഗിച്ചാണ് ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ ആക്രമണം നടത്തിയതെന്നും വാർത്തയിലുണ്ട്. പാകിസ്ഥാനുമായി യു.എസ് കൂടുതൽ അടുക്കുന്നതിനിടെയാണ് സൈന്യം പഴയ വാർത്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. പാകിസ്ഥാന്റെ എണ്ണ ശേഖരം വർദ്ധിപ്പിക്കാൻ യു.എസ് തയാറെന്ന് ട്രംപ് ദിവസങ്ങൾക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു.