അങ്കണവാടി ബിരിയാണിയും ഫ്രൂട്ട് കപ്പും രുചിച്ച് മന്ത്രി
തിരുവനന്തപുരം: അങ്കണവാടിയിൽ ബിരിയാണിയും പുലാവും ഉൾപ്പെടെയുള്ള പുതുക്കിയ മാതൃകാ ഭക്ഷണ മെനു തയ്യാറാക്കുന്നതിനുള്ള ത്രിദിന സംസ്ഥാനതല പരിശീലന പരിപാടി ആരംഭിച്ചു.കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിലായിരുന്നു (ഐ.എച്ച്.എം.സി.ടി) പരിശീലനം. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ഐ.എച്ച്.എം.സി.ടി ഷെഫുമാരുൾപ്പെടെയുള്ള ടീമും ആരോഗ്യ വിദഗ്ദ്ധരും ചേർന്നാണ് പരിശീലനം നൽകിയത്.
മുട്ട ബിരിയാണി ആൻഡ് ഫ്രൂട്ട് കപ്പ്, ന്യൂട്രി ലഡു,വെജിറ്റബിൾ പുലാവ് ആൻഡ് സാലഡ്,ബ്രോക്കൺ വീറ്റ് പുലാവ്,ഇല അട തുടങ്ങിയ പ്രധാന വിഭവങ്ങളിലാണ് പരിശീലനം നൽകിയത്. മന്ത്രി വീണാ ജോർജെത്തി ഭക്ഷണം രുചിച്ചുനോക്കി.
പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് കുറച്ച്, ഊർജവും പ്രോട്ടീനും ഉൾപ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചത്.
ഓരോ ജില്ലയിൽ നിന്ന് സൂപ്പർവൈസർമാരും സി.ഡി.പി.ഒമാരും ഉൾപ്പെടെ 4 പേർ വീതം 56 പേരാണ് പങ്കെടുത്തത്. അതത് ജില്ലകളിലെ ബിരിയാണിയുടെ പ്രത്യേകതയനുസരിച്ചാണ് പരിശീലനം. ഇവർ ജില്ലാതലത്തിലും തുടർന്ന് അങ്കണവാടി തലത്തിലും പരിശീലനം നൽകും. അങ്കണവാടിയിൽ ലഭ്യമാകുന്ന വിഭവങ്ങൾ മാത്രം ഉപയോഗിച്ചാണ് ഭക്ഷണങ്ങൾ തയ്യാറാക്കുന്നത്. ഈ വിഭവങ്ങൾ കൊണ്ടുണ്ടാക്കിയ ബിരിയാണിയും പുലാവും നല്ലതെന്നാണ് ഷെഫുമാർ അഭിപ്രായപ്പെട്ടത്.
വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി.കുമാർ,ജോയിന്റ് ഡയറക്ടർ ശിവന്യ,ഐ.എച്ച്.എം.സി.ടി പ്രിൻസിപ്പൽ ഡോ.ടി.അനന്തകൃഷ്ണൻ,സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഓഫീസർ ലിയ.എം.ബി പിള്ള,ഡോ.അമർ ഫെറ്റിൽ തുടങ്ങിയവർ പങ്കെടുത്തു.