ബിസിനസ്, ടൂറിസ്റ്റ് വിസകൾക്ക് യു.എസ് ബോണ്ട് ഏർപ്പെടുത്തിയേക്കും
Wednesday 06 August 2025 6:55 AM IST
വാഷിംഗ്ടൺ: ബിസിനസ്, ടൂറിസ്റ്റ് വിസകൾക്ക് അപേക്ഷിക്കുന്നവർക്ക് വിസാ ഫീസിന് പുറമേ 5,000 മുതൽ 15,000 ഡോളർ വരെയുള്ള ബോണ്ട് നിർബന്ധമാക്കാൻ യു.എസ് ആലോചിക്കുന്നതായി റിപ്പോർട്ട്. വിസാ കാലാവധി കഴിഞ്ഞും യു.എസിൽ തങ്ങുന്നവരിൽ കൂടുതലും ഏത് രാജ്യത്ത് നിന്നാണോ, അത്തരം രാജ്യത്ത് നിന്നുള്ള അപേക്ഷകരെ മാത്രമാകും ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുക. കൃത്യസമയത്ത് രാജ്യംവിട്ടാൽ ബോണ്ട് തുക തിരികെ നൽകും. വിസയിലെ വ്യവസ്ഥകൾ ലംഘിച്ചാൽ തുക കണ്ടുകെട്ടും. അതേ സമയം, ഏതൊക്കെ രാജ്യങ്ങൾക്ക് നിയമം ബാധകമാകുമെന്ന് വ്യക്തമല്ല. ഇന്ത്യക്കാരെ ബാധിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടുന്നു. വിശദവിവരങ്ങൾ യു.എസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.