പൂച്ചയെ കൊന്നശേഷം ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

Wednesday 06 August 2025 7:58 AM IST

പാലക്കാട്: പൂച്ചയെ കൊന്ന് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ട യുവാവിനെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് ചെർപ്പുളശേരി സ്വദേശി ഷജീറിനെതിരെയാണ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പ് ചുമത്തിയാണ് കേസ്. അടുത്തിടെ ഷജീർ പൂച്ചയെ കൊന്ന് അതിന്റെ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചിരുന്നു. ഷജീർ ടൂൾ എന്ന പേജിലാണ് സ്റ്റോറി ഇട്ടത്.

പൂച്ചയ്ക്ക് ആദ്യം ഭക്ഷണം കൊടുക്കുന്നതും പിന്നീട് അതിനെ കഴുത്തറുത്ത് കൊന്ന് തലയും ശരീര അവയവങ്ങളും വേർതിരിച്ച് വച്ചിരിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഷജീർ ലോറി ഡ്രൈവറാണ്. ലോറിയുടെ ക്യാമ്പിനിലിരുന്ന് പൂച്ചയ്ക്ക് ഭക്ഷണം നൽകുന്നതാണ് ഒരു ദൃശ്യം. ക്രൂരത കണ്ടവരാണ് പൊലീസിനെ വിവരമറിയിച്ചത്. നിലവിൽ ഇയാൾ തമിഴ്നാട്ടിലാണെന്നാണ് സൂചന. എവിടെ നിന്നാണ് ഇത് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.