സ്റ്റേഷന് മുന്നിൽ സ്‌കൂട്ടറുമായി ഭാര്യ; പൊലീസിനെ കബളിപ്പിച്ച് കൊടുംകുറ്റവാളി രക്ഷപ്പെട്ടു

Wednesday 06 August 2025 10:05 AM IST

കൊല്ലം: മയക്കുമരുന്ന് കേസിൽ കരുതൽ തടങ്കലിലാക്കാൻ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി രക്ഷപ്പെട്ടു. കിളികൊല്ലൂർ കല്ലുതാഴം വയലിൽ പുത്തൻവീട്ടിൽ അജു മൺസൂർ (26) ആണ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്. കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്‌റ്റേഷന് മുന്നിൽ സ്‌കൂട്ടറിൽ കാത്തുനിന്ന ഭാര്യയാണ് പ്രതിയെ രക്ഷപ്പെടുത്തിയത്.

ഇതിന് മുമ്പും മയക്കുമരുന്ന് കേസിൽ പലതവണ പിടിക്കപ്പെട്ടയാളാണ് അജു. പ്രതിയെ പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ എൻഡിപിഎസ് നിയമപ്രകാരം കരുതൽ തടങ്കലിലാക്കുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഫോമുകളിൽ പ്രതിയെക്കൊണ്ട് ഒപ്പിടീച്ചുകൊണ്ടിരിക്കെ ആണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് സ്റ്റേഷനിൽ നിന്നും ഇറങ്ങിയോടിയത്.

തുടർന്ന് സ്റ്റേഷന് മുൻവശത്തെ റോഡിൽ സ്‌കൂട്ടറുമായി കാത്തുനിന്ന ഭാര്യ ബിൻഷയോടൊപ്പം പ്രതി രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി രാത്രി ഏറെ വൈകിയും പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എംഡിഎംഎ കേസിൽ ബിൻഷയും നേരത്തേ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.