'പ്രളയമല്ല, ഗംഗാമാതാവ് പുത്രന്മാരുടെ കാൽ കഴുകിയതാണ്'; സന്ദർശനത്തിനെത്തിയ മന്ത്രിയുടെ പരാമർശം വിവാദത്തിൽ

Wednesday 06 August 2025 11:57 AM IST

ലക്‌നൗ: ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിലെ പ്രളയസ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിയുടെ പരാമർശം വിവാദത്തിൽ. ഗംഗാമാതാവ് പുത്രന്മാരുടെ കാൽ കഴുകാൻ എത്തിയതാണെന്നും ഗംഗയുടെ നേരിയ ദർശനം ലഭിച്ചാൽ തന്നെ സ്വ‌ർഗത്തിൽ പോകാമെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. എതിർപാർട്ടിക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. യുപി മന്ത്രി സഞ്ചയ് നിഷാദ് ആണ് വിവാദ പരാമർശം നടത്തിയത്. ജില്ലയിലെ ഭോഗ്നിപൂർ മേഖല സന്ദർശിക്കുന്നതിനിടെ മന്ത്രി ഇക്കാര്യം ജനങ്ങളോട് പറയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമാണ്.

'മുഴുവൻ മേഖലയും വെള്ളത്തിനടിയിലായി. വീടുകൾ തകർന്നുവീണു. നമുക്ക് പോകാൻ മറ്റൊരിടമില്ല'- എന്ന് ഗ്രാമവാസികൾ മന്ത്രിയോട് പറഞ്ഞതിന് പിന്നാലെയായിരുന്നു വിവാദപരാമർശം. മന്ത്രിയുടെ പരാമർശത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ ഗ്രാമവാസികൾ തങ്ങൾ താമസിക്കുന്നത് യമുനാ നദിക്കരയിലാണെന്നും ഗംഗാതീരത്തല്ലെന്നും വ്യക്തമാക്കി. മന്ത്രിയുടെ പരാമ‌ർശത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ അടക്കം വ്യാപക വിമർശനം ഉയരുന്നുണ്ട്.

സംസ്ഥാന ബിജെപിയുടെ സഖ്യകക്ഷിയായ നിഷാദ് പാർട്ടിയുടെ അദ്ധ്യക്ഷനാണ് സഞ്ചയ് നിഷാദ്. പ്രളയസ്ഥലം സന്ദർശിച്ച മന്ത്രി പ്രളയബാധിതർക്ക് ദുരിതാശ്വാസ സഹായങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സംസ്ഥാനത്തെ 17 ജില്ലകളിലായുള്ള 402 ഗ്രാമങ്ങളെയാണ് പ്രളയം ബാധിച്ചത്. ഇവയിൽ ആഗ്ര, ചിത്രകൂട്ട്, ലഖിംപൂർഖേരി, ബലിയ, ബാന്ദ, ഗസിപൂ‌ർ, ചന്ദൗലി, തുടങ്ങിയ ജില്ലകളും ഉൾപ്പെടുന്നു. മിക്ക മേഖലകളിലും സംസ്ഥാനത്തെ പ്രധാന നദികളായ ഗംഗ, യമുന എന്നിവ കരകവിഞ്ഞൊഴുകുകയാണ്.