പത്തനംതിട്ടയിൽ ഭാര്യയെ കുത്തിക്കൊന്നതിനുശേഷം ഒളിവിൽപ്പോയ പ്രതി പിടിയിൽ, അറസ്റ്റിലായത് നാലാം ദിവസം
പത്തനംതിട്ട: പത്തനംതിട്ടയിൽ ഭാര്യയെ കുത്തിക്കൊന്നതിനുശേഷം ഒളിവിൽപ്പോയ യുവാവ് പിടിയിൽ. പുല്ലാട് സ്വദേശിനി ശ്യാമ എന്ന ശാരിമോൾ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശ്യാമയുടെ ഭർത്താവ് അജിയെ തിരുവല്ല നഗരത്തിൽ നിന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.
ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ചികിത്സയിൽ തുടരുകയാണ്. പത്തനംതിട്ട പുല്ലാട് ആലുംന്തറയിൽ ഓഗസ്റ്റ് രണ്ടിന് രാത്രിയായിരുന്നു സംഭവം.
അജിക്ക് ശ്യാമയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. ആക്രമണ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നു. ശ്യാമയും അജിയും മക്കളും ശ്യാമയുടെ പിതാവുമായിരുന്നു ആലുംന്തറയിലെ വീട്ടിൽ താമസിച്ചിരുന്നത്.
ദമ്പതികൾ പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്ന് പരിസരവാസികൾ പറയുന്നു. സംഭവദിവസം വഴക്കിനൊടുവിൽ ഇയാൾ യുവതിയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പിടിച്ചുമാറ്റാനെത്തിയ ശശിയേയും ആക്രമിച്ചു. തൊട്ടടുത്ത വീട്ടിലായിരുന്നു രാധാമണി താമസിച്ചിരുന്നത്. നിലവിളി കേട്ട് ഓടിയെത്തിയ രാധാമണിയേയും പ്രതി ആക്രമിക്കുകയായിരുന്നു.
ആക്രമണം നടത്തിയ ശേഷം അജി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ മൂന്നു പേരെയും രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചു. പിറ്റേദിവസം പുലർച്ചെയോടെയാണ് ശ്യാമ മരിച്ചത്. ശശിക്ക് നെഞ്ചിലാണ് കുത്തേറ്റത്. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ്. കവിയൂർ ആണ് അജിയുടെ വീട്. കുറച്ചുകാലമായി ശ്യാമയുടെ വീട്ടിലായിരുന്നു താമസം. ഇയാൾ സ്ഥിരമായി മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിരുന്നു. മുമ്പ് പൊലീസ് ഇടപെട്ട് കൗൺസലിംഗിന് വിധേയനാക്കിയിരുന്നു. ദമ്പതികൾക്ക് മൂന്ന് പെൺകുട്ടികളാണ്.