'മമ്മൂട്ടിയുടെ നായികയായിട്ടും അവർ സന്തോഷിച്ചില്ല, അവസരങ്ങളെല്ലാം നിരസിച്ചു; സിനിമകൾ കിട്ടാതെ പോയതിനു പിന്നിൽ'

Wednesday 06 August 2025 2:48 PM IST

മമ്മൂട്ടി നായകനായ പട്ടാളം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ടെസ്സ ജോസഫ്. പട്ടാളത്തിനുശേഷം അധികം സിനിമകളൊന്നും ടെസ്സ ചെയ്തിരുന്നില്ല. ഇപ്പോഴിതാ അതിനുളള കാരണം താരം തുറന്നുപറഞ്ഞിരിക്കുകയാണ്. പുതിയ ചിത്രമായ സാഹസത്തിന്റെ പ്രമോഷൻ പരിപാടിക്കിടയിലാണ് ടെസ്സ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പട്ടാളത്തിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും അവർ അഭിമുഖത്തിൽ പങ്കുവച്ചു.

'ഒരു സിനിമയിൽ അഭിനയിക്കാൻ മാത്രമേ വീട്ടിൽ നിന്ന് അവസരം ലഭിച്ചിരുന്നുളളൂ. പട്ടാളം റിലീസ് ചെയ്തതിനുശേഷം വീണ്ടും അഭിനയിച്ചോളൂവെന്ന് വീട്ടുകാർ പറയുമെന്ന് കരുതി. പക്ഷെ അതുണ്ടായില്ല. എന്നാൽ പിന്നീടും സിനിമകൾ ചെയ്തു. പട്ടാളത്തിൽ അഭിനയിച്ചതിനുശേഷം ഒരുപാട് സിനിമകളിൽ നിന്ന് അവസരം ലഭിച്ചു. പക്ഷെ അതെല്ലാം നിരസിക്കുകയായിരുന്നു. തമിഴിൽ നിന്ന് വന്ന അവസരങ്ങളും നിരസിച്ചു. ആദ്യസിനിമ കഴിഞ്ഞതോടെ തന്നെ വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് ആരും അഭിനയിക്കാനായി വിളിച്ചില്ല.

സംവിധായകൻ ലാൽ ജോസ് നേരിട്ട് വീട്ടിലെത്തിയാണ് എന്നെ അഭിനയിക്കാനായി വിളിച്ചത്. ഈ സിനിമ കൊണ്ട് എനിക്ക് യാതൊരു മോശം പേരും ഉണ്ടാകില്ലെന്ന് അദ്ദേഹം അന്ന് വീട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നു. മമ്മൂക്കയുടെ നായികയായിട്ടാണ് ഞാൻ അഭിനയിക്കുന്നതറിഞ്ഞപ്പോൾ വീട്ടുകാർക്ക് അഭിമാനം ഉണ്ടായിരുന്നു. പക്ഷെ മോശം പേര് ഉണ്ടാകുമോയെന്ന പേടി കാരണം അവരത് പുറത്തുകാണിച്ചിരുന്നില്ല. ചു​റ്റുമുളള ആളുകളാണ് വീട്ടുകാരിൽ പേടിയുണ്ടാക്കിയത്. അഭിനയം തുടർന്നാൽ എന്റെ കല്യാണം നടക്കുമോയെന്ന സംശയമായിരുന്നു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും. പിന്നീടാണ് സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്'-ടെസ്സ പറഞ്ഞു.