വരാൻ പോകുന്നത് ആഘോഷ നാളുകൾ, ഈ രണ്ട് സാധനങ്ങൾ വാങ്ങുമ്പോൾ സൂക്ഷിക്കണം; ഇല്ലെങ്കിൽ പണി കിട്ടും

Wednesday 06 August 2025 3:45 PM IST

ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ട് സാധനങ്ങളാണ് പാലും പനീറും. ഇവ രണ്ടും ഏറെ ആരോഗ്യഗുണങ്ങളുള്ളതാണ്. എന്നാൽ കൊള്ളലാഭം കൊയ്യാൻ വേണ്ടി ഇവയിൽ ചിലർ മായം ചേർക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഉപയോക്താക്കൾ ചെയ്യുന്ന ചില കാര്യങ്ങൾ ആരോഗ്യത്തിന് തന്നെ ഹാനികരമാണ്. ഉത്തർപ്രദേശിലും ജാർഖണ്ഡിലും നടന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ മായം ചേർത്ത പനീറും പാലും പിടികൂടിയിരിക്കുകയാണ്. ഇവ നശിപ്പിച്ചിട്ടുണ്ട്. ആഗ്രയിൽ വൻതോതിൽ മായം ചേർത്ത പനീർ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യ (FSSAI) കഴിഞ്ഞ മാസം ഇരുപത്തിരണ്ടിന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. 'ആഗ്ര ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (FSDA) മായം ചേർത്ത പനീർ വിൽപ്പന നടത്തുന്നതിനെതിരെ നടപടിയെടുത്തു. സംശയാസ്പദമായ സാഹചര്യത്തിൽ ഏകദേശം എട്ട് ക്വിന്റൽ (800 കിലോഗ്രാം) പനീർ കടത്തിയ വാഹനം അധികൃതർ പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയി. പനീർ അശുദ്ധവും ഉപഭോഗത്തിന് സുരക്ഷിതമല്ലാത്തതുമാണെന്ന് കണ്ടെത്തി. നിയമനടപടി സ്വീകരിച്ചുവരികയാണ്' എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവച്ചത്.

ജൂലായ് 28ന് ഉത്തർപ്രദേശ് ഭക്ഷ്യസുരക്ഷാ വകുപ്പ് സഹരൺപൂരിൽ ഏകദേശം 700 കിലോഗ്രാം മായം ചേർത്ത പനീറും 450 ലിറ്റർ പാലും പിടിച്ചെടുത്ത് നശിപ്പിച്ചു. ഇവയുടെ സാമ്പിളുകൾ വിശദ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്.

ഉത്സവ, ആഘോഷ സീസണ് മുന്നോടിയായിട്ടാണ് ഇത്തരത്തിലുള്ള മായം ചേർത്ത പാലും പനീറും പിടികൂടിയിരിക്കുന്നത്. ഇത്തരം സമയങ്ങളിൽ ഈ സാധനങ്ങൾ വാങ്ങുന്നത് വളരെ കൂടുതലാണ്. അതിനാൽത്തന്നെ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.