'വളർത്തുമൃഗങ്ങളെ തീറ്റയ്ക്കായി കൊടുത്താൽ നികുതി ഇളവ്': വിചിത്ര തീരുമാനവുമായി ഒരു മൃഗശാല, നീക്കത്തിന് പിന്നിൽ?
നോർത്തേൺ ഡെൻമാർക്കിലെ ഒരു മൃഗശാലയിൽ നിന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന അറിയിപ്പ് ചില മൃഗസ്‌നേഹികളെ ഒന്നാകെ ഞെട്ടിച്ചു. താൽപര്യമുള്ളവർക്ക് അവരുടെ വളർത്തുമൃഗങ്ങളെ മൃഗശാലയിലെ വന്യജീവികൾക്ക് ഭക്ഷണമായി നൽകാമെന്നായിരുന്നു അറിയിപ്പ്. ഗിനിപ്പന്നികൾ മുയലുകൾ കോഴികൾ എന്നിങ്ങനെ സ്വീകരിക്കാൻ കഴിയുന്ന മൃഗങ്ങളുടെ നീണ്ട പട്ടിക തന്നെ മൃഗശാല അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.
147 സെ.മി ഉയരമുള്ള കുതിരകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മൃഗശാലയുടെ ഈ അറിയിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് കാരണമായി. വളർത്തുമൃഗങ്ങളെ ഭക്ഷണമായി ഉപയോഗിക്കുന്നതിനെ ചിലർ വിമർശിക്കുമ്പോൾ, മറ്റു ചിലർ ഈ നീക്കത്തെ പിന്തുണച്ചു. ഈ നീക്കം സ്വാഭാവിക ഭക്ഷണശീലങ്ങൾ സംരക്ഷിക്കാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു. എന്തുകൊണ്ടായിരിക്കാം മൃഗശാല അധികൃതർ വളർത്തുമൃഗങ്ങളെ ഭക്ഷണമായി നൽകാൻ പൊതുജനങ്ങളോട് ആവശ്യപ്പെടുന്നത്?
ആദ്യം ദയാവധം, പിന്നെ ഭക്ഷണം പരിശീലനം ലഭിച്ച ജീവനക്കാർ മൃഗങ്ങളെ ഭക്ഷണമായി നൽകുന്നതിനുമുമ്പ് ദയാവധം നടത്തും. അതിനുശേഷം മാത്രമാണ് മൃഗങ്ങളുടെ കൂട്ടിലേക്ക് എത്തിക്കുക. എന്നാൽ കഴിഞ്ഞ 30 ദിവസത്തിനിടെ രോഗങ്ങളൊന്നും ബാധിച്ച മൃഗങ്ങളായിരിക്കരുത്. ഏഷ്യൻ സിംഹം, യൂറോപ്യൻ ലിങ്ക്സ്, സുമാത്രൻ കടുവ എന്നീ മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്ന മൃഗശാലയാണിത്. മൃഗങ്ങളുടെ സ്വാഭാവിക ഭക്ഷണ ശൃംഖല അനുകരിക്കാൻ ദാനം ചെയ്ത വളർത്തുമൃഗങ്ങളെ ഉപയോഗിക്കുമെന്നാണ് മൃഗശാല ജീവനക്കാർ പറയുന്നത്.
സധാരണ വെട്ടിമുറിച്ച ഇറച്ചിയാണ് മൃഗങ്ങൾക്ക് നൽകാറുള്ളത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഇരയെ സ്വന്തമായി പിടികൂടി കഴിക്കുന്നത് പോലെയുള്ള അന്തരീക്ഷം ഉണ്ടാക്കാനാണ് മൃഗശാല ഇങ്ങനെ ഒരു പദ്ധതി ഇട്ടിരിക്കുന്നത്. ഭക്ഷണത്തെ മുഴുവൻ രൂപത്തിലൂടെ കൊടുക്കുന്നതിലൂടെ അവയുടെ മനോനില മെച്ചപ്പെടുത്താമെന്ന് കരുതുന്നു. ഇങ്ങനെ മൃഗങ്ങളെ ദാനം ചെയ്യുന്നവർക്ക് നികുതിയിൽ ഇളവ് നൽകുമെന്ന് പദ്ധതിയുടെ വ്യവസ്ഥയിൽ വ്യക്തമാക്കുന്നു.
മൃഗങ്ങളെ മുൻകൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും മൃഗങ്ങളെ ദാനം ചെയ്യാം. എന്നാൽ ഇവയ്ക്ക് പാരിതോഷികം ലഭിക്കുമെന്ന പ്രതീക്ഷ വേണ്ട. കുതിരയെ നൽകുന്നവർക്ക് കൂടുതൽ പരിഗണന നൽകുമെന്നും മൃഗശാല അധികൃതർ പറയുന്നു.
മൃഗങ്ങളെ നൽകുന്നവർക്കുള്ള മാർഗനിദ്ദേശം മൃഗങ്ങളെ ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ആൽബോർഗ് മൃഗശാല വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഗിനിപ്പന്നികളെയും മുയലുകളെയും കോഴികളെയും പ്രവൃത്തി ദിവസങ്ങളിൽ സ്വീകരിക്കും, ഒരു ദാതാവിന് ഒരു സമയം നാല് മൃഗങ്ങൾ എന്ന പരിധിയുണ്ട്.
കുതിരയെ നൽകുന്നവർക്ക് പ്രത്യേക നിർദ്ദേശം
- കുതിരയ്ക്ക് സാധുതയുള്ള പാസ്‌പോർട്ട് വേണം
- സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കുന്ന നിലയിലായിരിക്കണം
- 147 സെ.മി ഉയരമുള്ള കുതിരയായിരിക്കണം
- കഴിഞ്ഞ 30 ദിവസത്തിനിടെ ഒരു രോഗവും റിപ്പോർട്ട് ചെയ്യരുത്.
മൃഗങ്ങളുടെ തീറ്റയും ജനനനിയന്ത്രണവും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ച് ഡാനിഷ് മൃഗശാലകൾ വിമർശനം നേരിടുന്നത് ഇതാദ്യമല്ല. 2014ൽ, കോപ്പൻഹേഗൻ മൃഗശാലയിൽ മാരിയസ് എന്ന ആരോഗ്യമുള്ള ജിറാഫിനെ പ്രജനനം തടയുന്നതിനായി കൊന്നൊടുക്കിയിരുന്നു. പ്രതിഷേധമുണ്ടായിട്ടും മൃഗശാല തീരുമാനവുമായി മുന്നോട്ടുപോയി. അന്ന് ജിറാഫിന്റെ അവശിഷ്ടങ്ങൾ ഗവേഷണത്തിനും സിംഹങ്ങൾ, കടുവകൾ, പുള്ളിപ്പുലികൾ തുടങ്ങിയ്ക്ക് വേണ്ടിയും ഉപയോഗിച്ചു.