അണ്ണാ ഡിഎംകെ എംഎൽഎയുടെ ഫാം ഹൗസിൽ സബ് ഇൻസ്‌പെക്‌ടറെ വെട്ടിക്കൊന്നു, ഒരു പൊലീസുകാരൻ രക്ഷപ്പെട്ടു

Wednesday 06 August 2025 4:34 PM IST

ചെന്നൈ: അണ്ണാ ഡിഎംകെ എംഎൽഎയുടെ ഫാം ഹൗസിൽ സബ് ഇൻസ്‌പെക്‌ടറെ വെട്ടിക്കൊന്നു. തിരുപ്പൂർ ഉദുമൽപേട്ട കൂടിമംഗലം മുങ്കിൽതൊഴുവ് ഗ്രാമത്തിലാണ് സംഭവം. സി മഹേന്ദ്രൻ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് പൊലീസുകാരൻ കൊല്ലപ്പെട്ടത്. ഫാം ഹൗസിൽ നടന്ന അക്രമസംഭവം അന്വേഷിക്കാനെത്തിയ സ്‌പെഷ്യൽ ഗ്രേഡ് സബ് ഇൻസ്‌പെക്‌ടർ ഷൺമുഖവേൽ (52) ആണ് മരിച്ചത്.

ഫാം ഹൗസിലെ ജോലിക്കാരനായ മൂർത്തി, മകൻ തങ്കപാണ്ടി എന്നിവർ തമ്മിൽ മദ്യലഹരിയിലുണ്ടായ തർക്കം കയ്യാങ്കളിയിലെത്തിയത് അന്വേഷിക്കാനെത്തിയതായിരുന്നു ഷൺമുഖവേൽ. പരാതി ലഭിച്ചതിനെത്തുടർന്ന് ഫാം ഹൗസിലെത്തിയ എസ് ഐ, മകന്റെ മർദ്ദനത്തിൽ ക്രൂരമായി പരിക്കേറ്റ മൂർത്തിയെ ആശുപത്രിയിലേയ്ക്ക് അയച്ചു. ഇതിനിടെ മകൻ തങ്കപാണ്ടി അരിവാൾ ഉപയോഗിച്ച് ഷൺമുഖവേലിലെ വെട്ടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പൊലീസ് ഡ്രൈവറെയും വെട്ടാൻ ശ്രമിച്ചു. എന്നാൽ ഇവിടെനിന്ന് രക്ഷപ്പെട്ട ഡ്രൈവർ സ്റ്റേഷനിലെത്തി വിവരമറിയിച്ചു.

തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ഷൺമുഖവേൽ മരണപ്പെട്ടിരുന്നു. കേസിൽ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.