കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വയോധികൻ തെറിച്ചുവീണു, നിർത്താതെ പോയ വാഹനം നാട്ടുകാർ തടഞ്ഞു

Wednesday 06 August 2025 5:13 PM IST

കണ്ണൂർ: മട്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചുവീണ യാത്രക്കാരന് ഗുരുതരപരിക്ക്. ദിണ്ടി​ഗൽ സ്വദേശിയായ രം​ഗരാജനെയാണ് ​ഗുരുതരപരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൈസൂരുവിൽ നിന്ന് തലശേരിയിലേക്ക് വന്ന ബസിൽ നിന്നാണ് ഇയാൾ റോഡിലേക്ക് തെറിച്ചുവീണത്.

അപകടം സംഭവിച്ചിട്ടും നിർത്താതെ പോയ ബസ് നാട്ടുകാർ തട‍ഞ്ഞുവയ്ക്കുകയായിരുന്നു. മട്ടന്നൂർ തെരുവമ്പായി പാലത്തിന് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടം നടന്ന സ്ഥലത്ത് നിന്ന് കടന്നുകളയാനായിരുന്നു ബസുകാരുടെ ശ്രമം. അതേസമയം രംഗരാജൻ എങ്ങനെയാണ് ബസിനുള്ളിൽ നിന്ന് തെറിച്ചുവീണതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ബസ് നാട്ടുകാർ പൊലീസിൽ ഏൽപിച്ചിരിക്കുകയാണ്.