ട്രോളിംഗ് കഴിഞ്ഞിട്ടും ചാകരകാണാതെ തീരം

Thursday 07 August 2025 1:09 AM IST

ആറ്റിങ്ങൽ: ട്രോളിംഗ് നിരോധനം നീങ്ങിയെങ്കിലും സജീവമാകാതെ തീരദേശമേഖല. ഇതോടെ മത്സ്യ വിപണന മേഖലയിൽ തിരക്കൊഴിഞ്ഞു.

ജൂൺ 9ന് തുടങ്ങിയ ട്രോളിംഗ് നിരോധനം കഴിഞ്ഞ 31നാണ് അവസാനിച്ചത്. എന്നാൽ നിരോധനം നീങ്ങിയെങ്കിലും മത്സ്യമേഖല ഇനിയും സജീവമായിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. പ്രതികൂലമായ കാലാവസ്ഥയാണ് വില്ലനായത്.

ഇതോടെ ചാകര പ്രതീക്ഷിച്ച തൊഴിലാളികൾ വറുതിയിലായി. കാലവർഷവും കടൽക്ഷോഭവും കപ്പൽ ദുരന്തവും നൽകിയ കാലക്കേടിൽ നിന്നും കരകയറണമെങ്കിൽ കടൽ കനിയണം. പ്രതീക്ഷിച്ച ചാകരക്കോൾ കിട്ടിയില്ലെങ്കിൽ കടം തീർക്കാൻപോലും കഴിയില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കടൽ ശാന്തമായാൽ വലിയ യാനങ്ങൾക്ക് മത്സ്യബന്ധനത്തിന് പോകാം.

 നടപടിയും

ചാകര പ്രതീക്ഷിച്ചാണ് ഇവരുടെ യാത്ര. ഇങ്ങനെ യാനങ്ങളിൽ പോകുന്ന തൊഴിലാളികളുടെയും ആധാർകാർഡ് ഉൾപ്പെടെയുള്ള പൂർണവിവരങ്ങൾ സമീപത്തുള്ള ഫിഷറീസ് വകുപ്പ് ഓഫീസിൽ നൽകേണ്ടതാണ്. ഇത്തരം നിയമം പാലിക്കാത്ത മത്സ്യബന്ധന യാനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ചാകരയെന്ന സ്വപ്നം

അഞ്ചുതെങ്ങ്, മുതലപ്പൊഴി പുതുക്കുറിച്ചി, മര്യനാട്, തുമ്പ തുടങ്ങിയ മത്സ്യബന്ധന പ്രദേശങ്ങളിലും സമാന സാഹചര്യമാണത്രെ. നീണ്ടകരയിലും, വിഴിഞ്ഞത്തും സ്ഥിതി മറിച്ചല്ല. ട്രോളിംഗ് കഴിയുമ്പോൾ ലഭിക്കേണ്ട അയില,മത്തി,പാര,വേളാവ് ചുണ്ണാമ്പുവാള,കാരാ ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങൾ വ്യാപകമായി ഇനിയും മാർക്കറ്റിൽ എത്തിയിട്ടില്ല. പകരം നെത്തോലി,ചെങ്കലവ,ചെറിയ അയല എന്നിവയാണ് വിപണിയിലുള്ളത്. ഇതിൽ നെത്തോലി വില കുറവാണെങ്കിലും മറ്റെല്ലാത്തിനും തീ വിലയാണ്. ചാകരക്കോളിനായി തീരം കാത്തിരിക്കുകയാണ്.