കോറളായി ഗവ.സ്‌കൂളിന് പുതിയ കെട്ടിടം
Wednesday 06 August 2025 8:02 PM IST
തളിപ്പറമ്പ് :കോറളായി തുരുത്ത് ഗവ. എൽ.പി സ്‌കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. പ്രവൃത്തി ഉദ്ഘാടനം 12 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് എം.വി. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ നിർവഹിക്കും. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി.അജിത അദ്ധ്യക്ഷത വഹിക്കും. രണ്ടു നിലകളുള്ള കെട്ടിടമാണ് സ്കൂളിനായി നിർമ്മിക്കുന്നത്. താഴത്തെ നിലയിൽ രണ്ടു ക്ലാസ്മുറികൾ, സ്‌റ്റെയർ റൂം, ടോയ്ലറ്റ് ബ്ലോക്ക് എന്നിവ ഉണ്ടാകും. ഒന്നാം നിലയിൽ ഓഫീസ് ആവശ്യത്തിനായി മുറിയും നിർമ്മിക്കും. എം.വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എയുടെ അഭ്യർത്ഥനപ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ഒരുകോടി രൂപ അനുവദിച്ചാണ് പദ്ധതി നടപ്പാക്കിയത്. ടെൻഡർ നടപടി പൂർത്തിയാക്കി പ്രവൃത്തി കരാറുകാരനെ എൽപ്പിച്ചു. അഞ്ച് ലക്ഷം രൂപ വൈദ്യുതീകരണത്തിനായും വകയിരുത്തിയിട്ടുണ്ട്.