വാത്മീകിയുടെ രാമൻ സൗമ്യ സൂര്യൻ

Thursday 07 August 2025 3:09 AM IST

സ്വാർത്ഥനും അശാന്തനുമായ വ്യക്തി സമൂഹ ചിത്തത്തിൽ അശാന്തി വിതയ്ക്കും. ധർമ്മമറ്റ സമൂഹം വ്യക്തിയേയും നശിപ്പിക്കും. നാടിനെ സുപഥത്തിലേക്ക് നയിക്കാൻ സർവപ്രിയങ്കരനായ, സമദർശനനായ, ദൃഢവ്രതനായ ഒരു വ്യക്തിയെയാണ് ആവശ്യം. സർവഗുണസമ്പന്നനും ധർമ്മിഷ്ഠനുമായ ഒരാൾ ഈ പ്രപഞ്ചത്തിൽ എവിടെയെങ്കിലും ഉണ്ടോ എന്ന വാത്മീകിയുടെ ചോദ്യമാണ് ഇതിഹാസ കാവ്യമായ രാമായണത്തിന്റെ രചനയ്ക്ക് ആധാരം. നാരദൻ നൽകുന്ന ഉത്തരം ഉത്തമ പുരുഷനും ദശരഥ പുത്രനുമായ ശ്രീരാമനെക്കുറിച്ചാണ്. തുടർന്ന് വാത്മീകി രാമകഥ രചിക്കുന്നു.

ഏഴ് കാണ്ഡങ്ങളിലൂടെയും ഇരുപത്തിനാലായിരം ശീലുകളിലൂടെയും ആദർശപുരുഷനായ രാമന്റെ സംഭവബഹുലവും സംഘർഷ നിർഭരവും സത്യപൂർണവും ധർമ്മനിഷ്ഠവുമായ കഥ രാമായണത്തിലൂടെ പറയുന്നു,​ ആദികവി. പുരുഷനായി ജനിച്ചാൽ ഈ ഭൂമിയിൽ ഏതെല്ലാം തരത്തിലുള്ള കഷ്ടപ്പാടുകളിലൂടെ കടന്നുപേകേണ്ടി വരുമോ,​ അവയെല്ലാം അനുഭവിച്ചു തീർത്തു,​ വാത്മീകിയുടെ രാമൻ. പിതൃഭക്തി, മാതൃഭക്തി, സത്യനിഷ്ഠ, ധർമ്മനിഷ്ഠ തുടങ്ങിയ ഉന്നതാദർശങ്ങളുടെ, ഉത്തമഗുണങ്ങളുടെ പര്യായമായ രാമന്റെ കഥയ്ക്ക് പ്രാധാന്യം നൽകുന്നതു കൊണ്ടുതന്നെ ആദികാവ്യത്തിന് രാമായണം എന്ന പേര് അന്വർത്ഥമാണ്.

അതേസമയം,​ പതിദേവതയും മനസ്വിനിയുമായ സീതയുടെ കരുണാർദ്രമായ കഥയ്ക്കും രാമായണത്തിൽ പ്രാധാന്യമുണ്ട് എന്നത് വിസ്മരിച്ചു കൂടാ. എന്തുകൊണ്ട് തലമുറകൾ രാമനെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നു?​ രാമന്റെ ജീവിതകഥയ്ക്ക് സമാനമായ അനുഭവമാണ് മനുഷ്യജീവിതത്തിലും ഉണ്ടാകുന്നത് എന്നതാണ് അതിന്റെ ഉത്തരം. ശ്രേഷ്ഠചിന്തകളും ധർമ്മബോധവുമുള്ളവർ രാമന്മാരായിത്തീരും. അധമ ചിന്തകളും ദുർവൃത്തികളും ഉള്ളവർ രാവണന്മാരും. ഇത് രണ്ടുമില്ലാത്തവർ സാധാരണക്കാരും!

വാത്മീകിയുടെ രാമൻ ഉത്തമപുരുഷനാണ്. സൂര്യവംശത്തിൽ ദശരഥപുത്രനായി പിറന്ന രാമൻ സൗമ്യസൂര്യനാണ്. മാതാപിതാക്കളോടും മാതൃ- പിതൃസ്ഥാനീയരായ മറ്റുള്ളവരോടും എങ്ങനെയാണ് പെരുമാറേണ്ടതെന്ന് തന്നെത്തന്നെ ഉദാഹരണമാക്കി ശ്രീരാമൻ വിശദമാക്കുന്നു. അനുസരിക്കുക എന്നതാണ് ആദ്യത്തെ ശീലം എന്ന് രാമൻ നമ്മെ പഠിപ്പിക്കുന്നു. അച്ഛനമ്മമാർ എന്തു പറഞ്ഞാലും രാമൻ അക്ഷരംപ്രതി അനുസരിക്കുന്നു; ഹിതമോ അഹിതമോ ഇഷ്ടമോ അനിഷ്ടമോ എന്തായാലും. യാഗരക്ഷാർത്ഥം കാട്ടാളന്മാരെ നിഗ്രഹിക്കുവാൻ വിശ്വാമിത്രനോടൊപ്പം പോകാൻ ദശരഥൻ നിർദ്ദേശിച്ചപ്പോൾ കാട്ടിൽ എങ്ങനെ കഴിയുമെന്ന് രാമൻ ചിന്തിച്ചില്ല.

യാദൃച്ഛികതകളാണ് രാമന്റെ ജീവിതകഥയിൽ ഉടനീളം. ഗുരുസ്ഥാനീയനായ വിശ്വാമിത്രൻ പറഞ്ഞപ്പോൾ ജനകരാജധാനിയിലെ ത്രയംബകം എന്ന ശൈവചാപമെടുത്ത് വലിച്ചു കുലച്ചു. ജനകജയായ സീതയെ പരിണയം ചെയ്തു. തിരികെ അയോദ്ധ്യയിലേക്കുള്ള യാത്രാമദ്ധ്യേ പരശുരാമനെ കണ്ടുമുട്ടുന്നു. ശൈവചാപം എന്തിനൊടിച്ചു എന്ന് ക്രോധത്തോടെ ചോദിക്കുന്നു,​ പരശുരാമൻ. ക്ഷത്രിയനു നിരക്കാത്തവണ്ണം എന്തിന് സ്ത്രീയായ താടകയെ വധിച്ചു? യുദ്ധത്തിൽ ഒരു ക്ഷത്രിയനും തന്നോളം വരില്ല എന്ന വിശ്വാസമുള്ള പരശുരാമൻ ശ്രീരാമനെ യുദ്ധത്തിന് വെല്ലുവിളിക്കുന്നു.

പ്രായത്തിൽ ഇളപ്പമായ തന്നോടു യുദ്ധം ചെയ്യുന്നത് ധർമ്മമോ എന്ന ചോദ്യം ഉയർത്തിക്കൊണ്ട് സൗമ്യതയോടെ ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണ് ശ്രീരാമൻ. എന്നാൽ പരശുരാമന്റെ കോപം അടങ്ങുന്നില്ല. പരശുരാമന്റെ മഹാധനുസ്സ് എന്ന വൈഷ്ണവചാപം ശ്രീരാമൻ കുലച്ചതോടെ പരശുരാമൻ തോൽവി സമ്മതിച്ചു. തപോബലം കൊണ്ട് താൻ നേടിയ മുഴുവൻ പുണ്യങ്ങളേയും രാമസായകത്തിന് ലക്ഷ്യമാക്കി നൽകി പരശുരാമൻ ശ്രീരാമനെ അനുഗ്രഹിച്ചു. തന്നിലുള്ള വൈഷ്ണവ തേജസിനെ ശ്രീരാമനിലേക്ക് പകർന്നു നൽകി. മഹാവിഷ്ണുവിന്റെ അംശാവതാരമായ പരശുരാമൻ ശ്രീരാമനെ പരീക്ഷിക്കുകയായിരുന്നു.

രാമന്റെ ജീവിതത്തിൽ യാദൃച്ഛികതകൾ ഒഴിയുന്നില്ല. പ്രജാഹിത പരിപാലനം ഉറപ്പുവരുത്തുക എന്നതാണ് ഒരു രാജാവിന്റെ പ്രധാന കർത്തവ്യം. രാമൻ ഇതിന് സർവഥാ യോഗ്യനാണെന്ന് ദശരഥന് അറിയാമായിരുന്നു. യുവരാജാവായി അഭിഷേകം ചെയ്യുവാനുള്ള ചടങ്ങുകൾ പുരോഗമിക്കെ അപ്രതീക്ഷിതമായി 14 വർഷത്തെ വനവാസം രാമനിൽ അടിച്ചേൽപ്പിക്കപ്പെടുന്നു. കൈകേയിയുടെ അന്ത:പുരത്തിൽ മന്ഥരയും കൈകേയിയും ചേർന്നു നടത്തിയ ഉപജാപത്തിന്റെ ഫലമാണ് രാമന്റെ വനവാസം. അഭിഷേകം മുടങ്ങി എന്നറിഞ്ഞിട്ടും രാമനിൽ ഒരു ഭാവഭേദവും ഉണ്ടായില്ല! ദശരഥൻ കൈകേയിക്കു നൽകിയ വാക്ക് പാലിക്കേണ്ടത് തന്റെ കടമയാണെന്ന് രാമൻ വിശ്വസിച്ചു.

താൻ നാടുകടത്തപ്പെട്ടു എന്നു കേട്ടപ്പോഴും എത്ര ശാന്തനും പ്രസന്നവദനനുമായാണ് രാമൻ കാണപ്പെട്ടത്! ഇതറിഞ്ഞ് കോപാക്രാന്തനായി, ക്ഷുഭിതനായി മാറിയ ലക്ഷ്മണന്റെ,​ ലോകം ദഹിപ്പിക്കുവാൻ പോന്ന ക്രോധം ശമിപ്പിക്കുവാൻ രാമൻ നൽകുന്ന ഉപദേശം രാമായണത്തിലെ പ്രസക്ത ഭാഗമാണ്. ലക്ഷ്മണോപദേശത്തിൽ രാമൻ പറയുന്നു: എല്ലാ ദുരിതങ്ങൾക്കും കാരണം കോപമാണ്. അറിവുള്ളവർ ഒരിക്കലും കോപിക്കരുത്. വികാരങ്ങളെ നിയന്ത്രിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ ഒരിക്കലും മനശ്ശാന്തി കൈവരില്ല. മക്കൾ എങ്ങനെയിരിക്കണം,​ സഹോദരങ്ങൾ തമ്മിൽ എങ്ങനെ പെരുമാറണം, മനുഷ്യ ജീവിതത്തിന്റെ ആകെത്തുകയെക്കുറിച്ചുള്ള ധാരണ എന്താവണം, ചുമതലകളേയും ആഗ്രഹങ്ങളേയും തമ്മിൽ എങ്ങിനെ പൊരുത്തപ്പെടുത്തണം...

ഇവയെല്ലാം രാമായണം നമുക്ക് പറഞ്ഞു തരുന്നു. രാമനെ വനവാസത്തിനയച്ച് ഭരതനെ വാഴിക്കാമെന്ന കൈകേയിയുടെ മോഹം നടന്നില്ല. ഭരതൻ വഴങ്ങിയില്ല. ജ്യേഷ്ഠനു ലഭിക്കാത്ത രാജ്യാധികാരം തനിക്കും വേണ്ട എന്ന് ഭരതൻ തീരുമാനിച്ചു. രാമനെ തിരികെ കൊണ്ടുവരാൻ ചതുരംഗസേനയോടൊപ്പം ഭരതൻ കാട്ടിലേക്ക് യാത്രയാകുന്നു. ആക്രമിക്കാനാണ് ഭരതൻ വരുന്നതെന്നു ധരിച്ച് ലക്ഷ്മണൻ ഭരതനെ വധിക്കാൻ പുറപ്പെടുന്നു. രാമൻ ലക്ഷ്മണനെ തടയുന്നു. സഹോദരനെ വധിച്ച് നേടുന്ന രാജ്യം വിഷം കലർത്തിയ ഭക്ഷണം പോലെയാണെന്ന് രാമൻ ലക്ഷ്മണനോട് പറയുന്നു.

അങ്ങനെ ലഭിക്കുന്ന രാജ്യം തനിക്കു വേണ്ടെന്നാണ് രാമൻ പറഞ്ഞത്. അധർമ്മത്തിന്റെ വഴിയിലൂടെ തനിക്കൊന്നും നേടാനില്ല. ധർമ്മത്തേക്കാൾ വലുതല്ല രാജ്യം. ധർമ്മം ആചരിക്കാനുള്ള ഉപാധിയാണ് രാജ്യാധികാരം. ധർമ്മബോധത്താൽ പ്രചോദിതനും അധർമ്മത്തിലൂടെ രാജ്യം അപഹരിച്ചവൻ എന്ന ആരോപണം നേരിടുന്നവനുമായ ഭരതൻ രാമന്റെ മുമ്പിൽ പൊട്ടിക്കരയുന്നു. തുടർന്ന് രാമൻ ഭരതന് ചില ഉപദേശങ്ങൾ നൽകുന്നു. നിരപരാധികളെ ഒരിക്കലും ശിക്ഷിക്കാൻ ഇടവരരുത്. ശിക്ഷിക്കപ്പെടുന്ന നിരപരാധികളുടെ കണ്ണീരിൽ സാമ്രാജ്യങ്ങൾ മുങ്ങിമരിക്കും. രാജനൈതികതയുടെ ഉത്തുംഗവും ശ്രേഷ്ഠവുമായ ദർശനങ്ങളാണ് രാമൻ ഭരതന് വ്യാഖ്യാനിച്ചു നൽകുന്നത്. വിയോജിപ്പുകളോട് സഹിഷ്ണുത കാണിക്കണമെന്ന് രാമൻ ഭരതനെ ഓർമ്മപ്പെടുത്തി.

താനും തന്റെ രീതികളും മാത്രമാണ് ശരി എന്നു ചിന്തിക്കുന്നത് ഭരണാധികാരിക്ക് യോജിച്ചതല്ല. സംഘർഷത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ഘട്ടങ്ങളിൽ രാമൻ എന്ന സൗമ്യസൂര്യൻ എല്ലാവരെയും ചേർത്തുനിറുത്തി ശരിയുടെ പാതയിലൂടെ കൈപിടിച്ച് കൊണ്ടുപോകുന്ന അപൂർവ സുന്ദരമായ കാഴ്ചയാണ് രാമായണത്തിൽ ദർശിക്കുന്നത്. സഹോദര്യത്തിന്റെ ശ്രേഷ്ഠമായ തലങ്ങളും രാമായണത്തിൽ ദർശിക്കാം. ആപത്ഘട്ടങ്ങളിലെല്ലാം അനുജന്മാരെ തന്റെ ചിറകിനടിയിൽ സംരക്ഷിച്ചു നിറുത്തുന്നു,​ രാമൻ. ഭാരതത്തിന്റെ സാംസ്‌കാരിക മുദ്ര‌യാണ് രാമായണം. ഭാരതത്തിന്റെ ആത്മചൈതന്യം കാച്ചിക്കുറുക്കിയെടുത്തതാണ് രാമായണത്തിന്റെ സത്ത. രാമായണ കഥയുടെ പുറന്തോടു പൊളിച്ച് അകക്കാമ്പ് കണ്ടെത്താൻ കഴിയുമ്പോഴാണ് അതിന്റെ യഥാർത്ഥ സൗന്ദര്യം ദർശിക്കാൻ കഴിയുന്നത്. അപ്പോഴാണ് മനസിലെ ഇരുട്ട് മാറി,​ അറിവിന്റെ വെളിച്ചം പ്രകാശിക്കുന്നത്. സൗമ്യസൂര്യനായ രാമൻ പകർന്നു തരുന്ന പ്രകാശം!

(സ്റ്റാറ്റിസ്റ്റിക്സ് പ്രെഫസറായ ലേഖൻ തന്ത്രി കുടുംബാംഗമാണ്‌)​