അമ്മയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: മകനെ റിമാൻഡ് ചെയ്തു
അരയൻകാവ്: അമ്മയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ അഭിജിത്തിനെതിരെ (22) ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി മുളന്തുരുത്തി പൊലീസ് കേസെടുത്തു. അരയൻകാവ് അറയ്ക്കപ്പറമ്പിൽ പരേതനായ അംബുജാക്ഷന്റെ ഭാര്യ ചന്ദ്രികയെയാണ് (58) തിങ്കളാഴ്ച രാവിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചതിനെ തുടർന്ന് സംഭവദിവസം അഭിജിത്തിനെ മുളന്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരിക്ക് അടിമയായിരുന്ന അഭിജിത്ത് തലേദിവസം രാത്രി പണത്തിനായി ചന്ദ്രികയെ ക്രൂരമായി മർദ്ദിച്ചിരുന്നു. മർദ്ദനം സഹിക്കാതെ ചന്ദ്രിക മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
രാവിലെ അമ്മയെ വീടിന് പുറത്തു കാണാത്തതിനാൽ മുറിയുടെ വാതിൽ തകർത്തു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടതെന്നും ഉടനെ കെട്ടഴിച്ച് താഴെയിറക്കി കട്ടിലിൽ കിടത്തിയെന്നുമാണ് അഭിജിത്തിന്റെ മൊഴി.
പിതാവ് അംബുജാക്ഷന്റെ മരണത്തിനുശേഷം അമ്മയും മകനും മാത്രമായിരുന്നു വീട്ടിൽ താമസം. ഏക സഹോദരി അഭിജിത്തിന്റെ ഭീഷണിയും മർദ്ദനവും കാരണം വീട്ടിലേക്ക് വരാറില്ല. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മുളന്തുരുത്തി എസ്.എച്ച്.ഒ മനേഷ് പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.