അങ്കണവാടി ജീവനക്കാർക്ക് 'മാതൃകാ ഭക്ഷണം' തയ്യാറാക്കാൻ പരിശീലനം
ആലപ്പുഴ: അങ്കണവാടി കുട്ടികൾക്കുള്ള പരിഷ്കരിച്ച മാതൃകാഭക്ഷണമെനു നടപ്പാക്കുന്നതിന് വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിക്കും. ഇതിന് മുന്നോടിയായുള്ള സംസ്ഥാനതലപരിശീലനം ഇന്ന് അവസാനിക്കും. പുതിയ മെനു നടപ്പാക്കുന്നതിന് വിഭവങ്ങളുടെ പാചകം എങ്ങനെയാവണം എന്നത് സംബന്ധിച്ചാണ് ക്ലാസ്. സി.ഡി.പി.ഒ (ചൈൽഡ് ഡെവല്‌മെന്റ് പ്രോജക്ട് ഓഫീസർ), സൂപ്പർവൈസർ എന്നിവർക്കാണ് പരിശീലനം. ജില്ലയിൽ നിന്ന് നാല് സൂപ്പർവൈസർമാരാണ് സംസ്ഥാനതല പരിശീലനത്തിൽ പങ്കെടുക്കുന്നത്.
ഇവർ ജില്ലാതല പരിശീലനത്തിന് നേതൃത്വം നൽകും. അങ്കണവാടി ജീവനക്കാർക്കും വർക്കർമാർക്കും പ്രത്യേക പരിശീലനമുണ്ടാകും. പുതിയ അദ്ധ്യയനവർഷം ആരംഭിച്ചപ്പോൾ മുതൽ മിക്ക അങ്കണവാടികളിലും പുതിയ മെനു നടപ്പാക്കുന്നുണ്ട്. എന്നാൽ ഇതിന് ഏകീകൃത സ്വഭാവമില്ല.
ആരോഗ്യകരമായ ഭക്ഷണം
കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം പാചകം ചെയ്ത് നൽകുന്നതിന് കേന്ദ്ര സർക്കാരിന്റെ പ്രത്യേക നിർദ്ദേശങ്ങളുണ്ട്
ഇതനുസരിച്ച് ഉപ്പ്, പഞ്ചസാര, എണ്ണ തുടങ്ങിയവ ഉപയോഗിക്കുന്നതിന് നിശ്ചിതഅളവും ക്രമവുമുണ്ട്. ഇക്കാര്യങ്ങൾ പരിശീലനത്തിൽ ഉൾപ്പെടുത്തും
പോഷകബാല്യംപദ്ധതി പ്രകാരം ആഴ്ചയിൽ മൂന്നുദിവസം പാലും മുട്ടയും നൽകുന്നുണ്ട്. പുതിയ മെനു പ്രകാരം ഒരു കുട്ടിക്ക് ഒരു മുട്ട നൽകുന്നത് വിഭവങ്ങളിലൂടെയാകും
മുട്ട ബിരിയാണി, മുട്ട പുലാവ്, ഓംലറ്റ് എന്നിങ്ങനെ മൂന്നു ദിവസങ്ങളിലായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഒരു കുട്ടിക്ക് ഒരു മുട്ട എന്നത് ഉറപ്പാക്കും
ന്യൂട്രി ലഡു, ഫ്രൂട്ട് കപ്പ് തുടങ്ങിയ ഏഴ് വിഭവങ്ങളെക്കുറിച്ച് പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
ജില്ലയിൽ ആകെ അങ്കണവാടികൾ
1141