അവഗണനയുടെ ഇഴയിട്ട് കുത്താമ്പുള്ളി നെയ്യുന്നത് നിരാശ

Thursday 07 August 2025 12:16 AM IST

ചേലക്കര: രാജ്യമെങ്ങും ദേശീയ കൈത്തറി ദിനം ആഘോഷിക്കുമ്പോൾ കൈത്തറി വസ്ത്രങ്ങൾക്ക് പെരുമ കേട്ട തിരുവില്വാമല കുത്താമ്പുള്ളി ഗ്രാമത്തിലെ ജീവിതം ഊടുംപാവും ഇഴ ചേരാതെ വേർപെട്ടു നിൽക്കുന്നു. എഴുപത് വർഷത്തിലേറെയായി ഈ ഗ്രാമത്തിലെ ജീവനാഡിയായ മൂന്ന് കൈത്തറി സംഘങ്ങളാണ് അധികാരികളുടെ കെടുകാര്യസ്ഥതയിൽ തകർന്നത്. പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും കടലാസിൽ ഒതുങ്ങിയപ്പോൾ, നൂറിലധികം വരുന്ന നെയ്ത്തുകാരും പട്ടിണിയിലായി.

സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഹാൻടെക്‌സ് അടക്കം ഈ സംഘങ്ങൾക്ക് കോടികളാണ് കുടിശ്ശിക. പത്ത് ലക്ഷത്തിന്റെ തുണിയെടുത്താൽ രണ്ട് ലക്ഷം മാത്രം നൽകി ഹാൻടെക്‌സ് നടത്തിയ കൊള്ളയും സൊസൈറ്റികളുടെ നട്ടെല്ലൊടിച്ചു. എല്ലാ ആഘോഷവേളകളിലും സർക്കാർ നൽകുമെന്ന് പ്രഖ്യാപിക്കുന്ന 20 ശതമാനം റിബേറ്റ് ഇനത്തിലും കോടിക്കണക്കിന് രൂപ വ്യവസായ വകുപ്പ് നൽകാനുണ്ട്. കൈത്തറി സംഘങ്ങളിലെ തൊഴിലാളികൾ മൂന്ന് വർഷത്തോളമായി ശമ്പളമില്ലാതെയാണ് ജീവിതം തള്ളിനീക്കുന്നത്. ശമ്പളം മുടങ്ങിയതോടെ പലരും കടക്കെണിയിലാണ്. കൂലി നൽകാനോ, നൂലും പാവുമടക്കമുള്ള അസംസ്‌കൃത വസ്തുക്കൾ വാങ്ങാനോ കഴിയാതെയായി. നെയ്ത്തുകാരിൽ പലരും ഈ തൊഴിൽ ഉപേക്ഷിച്ച് മറ്റ് ജോലികൾ തേടിപ്പോയി.

ഒരു പാരമ്പര്യ തൊഴിൽ മേഖലയെ ഇല്ലാതാക്കിയതിന് പൂർണ്ണ ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് തൊഴിലാളികൾ വേദനയോടെ പറയുന്നു. നെയ്ത്തുകാർ അവസാന പ്രതീക്ഷയോടെ നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നൽകിയിരുന്നു. എന്നാൽ ഒരു മറുപടി പോലും ലഭിക്കാതെ ആ പരാതി ഫയലിൽ ഉറങ്ങുകയാണ്.

(തുടരും, നാളെ കുത്താമ്പുള്ളി പൈതൃക ഗ്രാമം പേരു മാറ്റേണ്ടി വരുമോ ?)

കൈത്തറിക്ക് പേരുകേട്ട ഗ്രാമമെന്ന് ഔദ്യോഗികമായി കുത്താമ്പുള്ളി അറിയപ്പെടുമ്പോഴും കൈത്തറി വ്യവസായത്തെ സംരക്ഷിക്കാനുള്ള സർക്കാർ സംവിധാനം ഉണ്ടായില്ലെങ്കിൽ താമസം വിനാ കുത്താമ്പുള്ളിയിലെ മൂന്ന് സംഘങ്ങളും പൂർണ്ണമായും അടച്ചുപൂട്ടേണ്ടിവരും.

നെയ്ത്തുകാർ