വി.എസ്.എസ്.സി ജോലി തട്ടിപ്പ്: പാങ്ങപ്പാറ സ്വദേശിനിയിൽ നിന്ന് 15 ലക്ഷം തട്ടി
ശ്രീകാര്യം: വി.എസ്.എസ്.സി ജോലി തട്ടിപ്പിൽ പാങ്ങപ്പാറ സ്വദേശിനിക്കും പണം നഷ്ടമായതായി പരാതി. ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ 15 ലക്ഷം രൂപയാണ് കൈക്കലാക്കിയത്. സംഭവത്തിൽ കീഴ്തോന്നയ്ക്കൽ ചെറുവല്ലി,മേലെവിള പുത്തൻവീട്ടിൽ റംസി,ഭർത്താവ് ആജ്മൽ കൂട്ടുപ്രതികളായ അരുൺ കുമാർ,സുരേഷ് മാത്യു എന്നിവർക്കെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തു.
ശ്രീകാര്യം പാങ്ങപ്പാറ ഗുരുമന്ദിരത്തിന് സമീപം ഗൗരിശങ്കരത്തിൽ ഉഷയെ കബളിപ്പിച്ചാണ് പ്രതികൾ പണം തട്ടിയത്.ഇക്കഴിഞ്ഞ ഏപ്രിൽ 9ന് ഉഷയുടെ വീട്ടിലെത്തിയ റംസിയും ഭർത്താവ് അജ്മലും വി.എസ്.എസ്.സിയിൽ മെക്കാനിക്കൽ എൻജിനിയറാണെന്നും,അവിടെ നാല് ഒഴിവുണ്ടെന്നും ഇത് നികത്താൻ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു.
ഉഷയുടെ ബന്ധുക്കളായ പ്രണവ്,നിമാബാബു,അഞ്ജലി ഫ്രാൻസിസ്,ആഷിക് സോജൻ എന്നിവർക്ക് വിവിധ തസ്തികകളിൽ ജോലി വാങ്ങി നൽകാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്.ഏപ്രിൽ 10ന് 5 ലക്ഷവും,മേയ് 15ന് 4 ലക്ഷവും,ജൂൺ 11ന് 5.5 ലക്ഷം രൂപയും പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും,ഗൂഗിൾ പേവഴി 50,000 രൂപയും വാങ്ങി.തുടർന്ന് ജൂലായ് 22ന് അരുൺകുമാർ,സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.എസ്.എസ്.സി തുമ്പ എന്ന പേരിൽ ഒപ്പിട്ട വ്യാജ അപ്പോയ്ന്റ്മെന്റ് ഉത്തരവ് റംസി ഉഷയ്ക്ക് വാട്ട്സ്ആപ്പ് വഴി അയച്ച് നൽകി. കത്തിൽ 23ന് ജോലിക്ക് കയറാൻ നിർദ്ദേശിച്ചിരുന്നു.
എന്നാൽ ജോയിൻ ചെയ്യേണ്ട തീയതിക്ക് തൊട്ടുമുൻപ്, വി.എസ്.എസ്.സിയിലെ സീനിയർ മെക്കാനിക്കൽ എൻജിനീയറാണെന്നു പറഞ്ഞ് മറ്റൊരു പ്രതിയായ സുരേഷ് വിളിച്ച് പോസ്റ്റിംഗ് മൂന്നാഴ്ച കൂടി നീട്ടി വയ്ക്കുകയാണെന്നും,റംസിയുടെ പേരിൽ ഒരു കേസുള്ളതിനാൽ ഇനി അവരെ ഫോൺ ചെയ്യരുതെന്നും പറഞ്ഞ് ഫോൺ സ്വിച്ച് ഓഫാക്കി. തുടർന്ന് മറ്റ് പ്രതികളുടെ ഫോൺ നമ്പറുകളിൽ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്നാണ് ഇവർ ശ്രീകാര്യം സ്റ്റേഷനിൽ പരാതി നൽകിയത്.