ഇന്ത്യയ്ക്ക് ട്രംപിന്റെ പ്രതികാര താരിഫ്, 25% കൂട്ടിയതോടെ മൊത്തം 50%
വാഷിംഗ്ടൺ: ഇന്ത്യയ്ക്ക് എതിരെ പ്രതികാര നടപടിയുമായി വീണ്ടും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് നേരത്തേ ചുമത്തിയ 25 ശതമാനം തീരുവയ്ക്ക് പുറമേ 25 ശതമാനംകൂടി ചുമത്തി.
ഈ മാസം 27ന് പ്രാബല്യത്തിലാവും
യുക്രെയിൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയും സഖ്യകക്ഷികളും ഏർപ്പെടുത്തിയ ഉപരോധം വകവയ്ക്കാതെ , റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. പാകിസ്ഥാനെതിരെയുള്ള ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചത് താൻ ഇടപെട്ടതുകൊണ്ടാണെന്ന വാദം ഇന്ത്യ നിഷേധിച്ചതു മുതൽ ട്രംപ് പ്രകോപിതനാണ്. ഇന്നലെ
പ്രധാനമന്ത്രി മോദി ചൈനയിലേക്ക് പോകുമെന്ന പ്രഖ്യാപനവും വന്നു.
അന്യായം,നീതീകേട്: ഇന്ത്യ
ന്യൂഡൽഹി: വീണ്ടും 25ശതമാനം താരിഫ് ചുമത്തിയ യു.എസ് പ്രസിഡന്റ് ഡൊൺൾഡ് ട്രംപിന്റെ നടപടി അന്യായവും നീതീകരിക്കാൻ കഴിയാത്തതും യുക്തി രഹിതവുമാണെന്ന് ഇന്ത്യ.
140 കോടി ജനങ്ങളുടെ ഉൗർജ്ജ സുരക്ഷ ഉറപ്പാക്കുകയാണ് മുഖ്യം. രാജ്യതാല്പര്യം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യ വക്താവ് രൺവീർ ജയ്സ്വാൾ അറിയിച്ചു.