ബീഹാറിൽ ട്രംപിനുവേണം താമസ സർട്ടിഫിക്കറ്റ്
പാട്ന: ' പേര് ഡൊണാൾഡ് ട്രംപ്. ബീഹാറിലെ ഹസൻപൂരിലെ താമസക്കാരൻ. എനിക്ക് താമസ സർട്ടിഫിക്കറ്റ് വേണം". അപേക്ഷ കണ്ട് ഉദ്യോഗസ്ഥൻ അമ്പരന്നു. ബീഹാറിൽ വോട്ടർപ്പട്ടികാ വിവാദം പുകയുന്നതിനിടെ സമസ്തപുർ ജില്ലയിലെ പടോരി സബ്ഡിവിഷനിലെ മൊഹിയുദ്ദീൻ ബ്ലോക്കിൽ നിന്നാണ് ട്രംപിന്റെ പേരിൽ ഓൺലൈൻ അപേക്ഷ വന്നത്. ഹസൻപുർ ഗ്രാമത്തിലെ താമസക്കാരനാണെന്നും താമസ സർട്ടിഫിക്കറ്റ് വേണമെന്നുമാണ് ആവശ്യം. ജൂലായ് 29നാണ് അപേക്ഷ വന്നത്. പിതാവിന്റെ പേര് ഫ്രെഡറിക് ക്രൈസ്റ്റ് ട്രംപ് എന്നും മാതാവിന്റെ പേര് മേരി ആനി മക്ലിയോഡ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ട്രംപിന്റെ ഫോട്ടോയും പതിച്ചിട്ടുണ്ട്. 1946 ജൂൺ പത്താണ് ജനനത്തീയതി. അപേക്ഷയ്ക്കൊപ്പമുള്ള ആധാർ കാർഡ് നമ്പർ വ്യാജമെന്ന് കണ്ടെത്തി.
വാർഡ് 13, ബക്കർപുർ പി.ഒ, മൊഹിയുദ്ദീൻ നഗർ, സമസ്തിപുർ, ബീഹാർ എന്ന വിലാസത്തിൽ താമസ സർട്ടിഫിക്കറ്റ് വേണമെന്നാണ് ആവശ്യം. സർക്കാർ സംവിധാനത്തെ പരിഹസിക്കാനും അപകീർത്തിപ്പെടുത്താനും ബോധപൂർവം നടത്തിയ ശ്രമമാണിതെന്ന് അധികൃതർ അറിയിച്ചു. വിഷയം ഗൗരവമായി എടുക്കുന്നുവെന്നും അന്വേഷണത്തിനായി സൈബർ പൊലീസിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഐ.പി അഡ്രസുൾപ്പെടെ അന്വേഷിച്ചുവരികയാണ്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബീഹാറിൽ ഇത്തരത്തിൽ നിരവധി വ്യാജ അപേക്ഷകളാണ് ലഭിക്കുന്നത്. ഓൺലൈൻ സംവിധാനത്തെ തെറ്റായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് അധികൃതർ വ്യക്തമാക്കി.