പാക് ഭീകരാക്രമണ സാദ്ധ്യത, വിമാനത്താവളങ്ങളിൽ കർശന സുരക്ഷ

Thursday 07 August 2025 12:31 AM IST

ന്യൂഡൽഹി: രാജ്യം 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങവേ, പാക് ഭീകരസംഘടനകൾ ആക്രമണം നടത്താൻ സാദ്ധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രാജ്യത്ത് ജാഗ്രത. വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി. സെപ്‌തംബർ 22നും ഒക്ടോബർ 2നുമിടയിൽ ഭീകരാക്രമണം നടത്തുമെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ഭീഷണി ലഭിച്ചത്. പിന്നാലെ, സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോ (ബി.സി.എ.എസ്) സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. വിമാനത്താവളങ്ങൾ, എയർസ്ട്രിപ്പുകൾ, വ്യോമസേനാ സ്‌റ്റേഷനുകൾ, ഹെലിപാഡുകൾ, ഫ്ലൈയിംഗ് പരിശീലന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇടങ്ങളിൽ സുരക്ഷാ സംവിധാനം വർദ്ധിപ്പിക്കണം. ടെർമിനലുകൾ, പാർക്കിംഗ് സ്ഥലങ്ങൾ തുടങ്ങിയ മേഖലകളിൽ 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കണം. ലോക്കൽ പൊലീസ്, സി.ഐ.എസ്.എഫ്, ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) എന്നിവ യോജിച്ച് പ്രവർത്തിക്കണമെന്നും നിർദ്ദേശം നൽകി. യാത്രക്കാരുടെയും ജീവനക്കാരുടെയും സന്ദർശകരുടെയും തിരിച്ചറിയൽ രേഖകൾ കർശനമായി പരിശോധിക്കണം. സി.സി ടി.വികൾ തടസമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും തുടർച്ചയായി നിരീക്ഷിക്കുകയും വേണം. സംശയകരമായ പെരുമാറ്റമോ ഉടമകളില്ലാത്ത വസ്തുക്കളോ കണ്ടാൽ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

ബംഗ്ലാദേശ്

പൗരന്മാർ അറസ്റ്റിൽ

ചെങ്കോട്ടയിൽ തിരിച്ചറിയൽ രേഖകളില്ലാതെ എത്തിയ അഞ്ച് ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്‌തു. ഡൽഹിയിൽ ദിവസക്കൂലിക്ക് ജോലി ചെയ്‌തുവരികയായിരുന്നു ഇവർ. എല്ലാവരും അനധികൃത കുടിയേറ്റക്കാരാണെന്ന് പൊലീസ് പറഞ്ഞു.

7 പൊലീസുകാർക്ക്

സസ്‌പെൻഷൻ

ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന മുന്നൊരുക്കവുമായി ബന്ധപ്പെട്ട സുരക്ഷാ ഡ്രില്ലിനിടെ വൻ സുരക്ഷാ വീഴ്ച. സിവിൽ വേഷത്തിൽ ഡമ്മി ബോംബുമായി എത്തിയ പൊലീസുകാർ ചെങ്കോട്ടയ്‌ക്കുള്ളിൽ കടക്കുന്നത് തടയാൻ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് സാധിച്ചില്ല. കൃത്യമായ പരിശോധന നടത്താതെ കയറ്റിവിട്ടു. ഡ്യൂട്ടിയിൽ ഗുരുതര വീഴ്ച വരുത്തിയ ഏഴു പൊലീസുകാരെ അടിയന്തര സ്വഭാവത്തോടെ സസ്‌പെൻഡ് ചെയ്‌തു.