ധർമ്മസ്ഥലയിൽ പുതിയ സ്പോട്ടിലും പരിശോധന

Thursday 07 August 2025 3:11 AM IST

ധർമ്മസ്ഥല(കർണ്ണാടക):ധർമ്മസ്ഥല കൂട്ടകൊലപാതക കേസുമായി ബന്ധപ്പെട്ട് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയ പതിമൂന്ന് എ സ്‌പോട്ടിന് അടുത്തായി പതിനാലാമത്തെ പുതിയ സ്‌പോട്ടിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇന്നലെ തിരച്ചിൽ നടത്തി. കഴിഞ്ഞ ദിവസം നൂറോളം ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ കുന്നിൻ മുകളിലെ പോയിന്റിന് അടുത്താണ് പുതിയ സ്ഥലം.തിരച്ചിലിൽ പുതുതായി ഒന്നും കണ്ടെത്തിയില്ലെങ്കിലും സാക്ഷി പറയുന്ന മുഴുവൻ സ്ഥലങ്ങളിലും മണ്ണുമാന്തി പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

മൃതദേഹം കണ്ടുവെന്ന് ആറോളം പേർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പതിനാലാം പോയിന്റിൽ തിരച്ചിൽ നടന്നത്.

തലയോട്ടി, ഒരു സാരി,പുരുഷന്മാരുടെ ഒരു ജോഡി ചെരിപ്പുകൾ എന്നിവയുൾപ്പെടെയുള്ള അവശിഷ്ടങ്ങൾ 11ാം സൈറ്റിൽ നിന്ന് ഏകദേശം 80 മീറ്റർ അകലെയുള്ള ഒരു മരത്തിന്റെ ചുവട്ടിൽ നിന്ന് കണ്ടെത്തി. ഈ സ്ഥലത്ത് വീണ്ടും കഴിയെടുത്തു പരിശോധിച്ചേക്കും. നേരത്തെ അടയാളപ്പെടുത്തിയ പതിമൂന്നാം പോയിന്റിൽ ഇന്ന് തിരച്ചിൽ നടത്തിയേക്കും. മൃതദേഹങ്ങൾ കുഴിച്ചുമൂടിയ എഴുപതോളം ഇടങ്ങളുണ്ടെന്ന വിവരവും സാക്ഷി എസ്.ഐ.ടിക്ക് കൈമാറിയതായി വിവരമുണ്ട്.