തൊടരുത്, വിഷമാണ് !

Thursday 07 August 2025 2:44 AM IST

ലണ്ടൻ: പൂക്കളെ ഇഷ്ടമല്ലാത്തവരായി ആരാണുള്ളത്. വീട്ടിൽ പൂക്കളാൽ നിറഞ്ഞ മനോഹരമായ ലാൻഡ്‌സ്കേപ്പ് ഒരുക്കുന്നത് ഏവർക്കും ഇഷ്ടമാണ്. പൂന്തോട്ടങ്ങൾ കണ്ടാൽ പൂക്കളെ ഒന്ന് തൊടുകയെങ്കിലും ചെയ്യാതെ നമ്മൾ പോകില്ല. എന്നാൽ, ഇംഗ്ലണ്ടിലെ നോർത്തംബർലൻഡിലെ ഏനിക് ഗാർഡനുള്ളിലെ ' പോയിസൺ ഗാർഡനി"ൽ ചെന്ന് അവിടുത്തെ പൂക്കളെ തൊടാൻ ശ്രമിച്ചാൽ പണികിട്ടും. കാണാൻ ഭംഗിയാണെങ്കിലും ഇവിടുത്തെ ചെടികളുടെ അരികിലേക്ക് പോവുകയോ അവയെ തൊടാനോ പാടില്ല.

പേര് പോലെ തന്നെ ഇവയെല്ലാം വിഷച്ചെടികളാണ് എന്നതാണ് ഇതിന് കാരണം. 2005ൽ നോർത്തംബർലൻഡിലെ പ്രഭ്വിയായ ജെയ്ൻ പേഴ്സിയാണ് ഈ പൂന്തോട്ടം സ്ഥാപിച്ചത്. ലോകത്തെ ഏറ്റവും മാരകമായ 100ലേറെ വിഷച്ചെടികളെ ഇവിടെ കാണാം.

1995ൽ നോർത്തംബർലാൻഡിലെ പ്രഭ്വിയായി സ്ഥാനമേറ്റ ജെയ്ൻ പേഴ്സിയുടെ ഔദ്യോഗിക വസതിയായ ഏനിക് കാസിലിന് സമീപമാണ് പോയിസൺ ഗാർഡനും അതിനെ ഉൾക്കൊള്ളുന്ന വിശാലമായ ഏനിക് ഗാർഡനുമുള്ളത്. ഏനിക് ഗാർഡനിൽ കാഴ്‌ചക്കാരെ അത്ഭുതപ്പെടുത്തുന്ന തരത്തിൽ എന്തെങ്കിലും വ്യത്യസ്തത വരുത്തണമെന്ന ചിന്തയാണ് പ്രഭ്വിയെ പോയിസൺ ഗാർഡനിലെത്തിച്ചത്.

'ഈ ചെടികൾ നിങ്ങളെ കൊന്നേക്കാം !'...എന്നൊരു അപായ സൂചന പോയിസൺ ഗാർഡന്റെ കവാടത്തിനു മുന്നിൽ തന്നെയുണ്ട്. നിരവധി ടൂറിസ്റ്റുകളാണ് ഇവിടുത്തെ ചെടികൾ കാണാനെത്തുന്നത്. വിഷച്ചെടികൾക്ക് പുറമേ കഞ്ചാവ്, ഓപിയം തുടങ്ങിയ ലഹരി സസ്യങ്ങളും ഇവിടെയുണ്ട്. അപകടകാരികളായതിനാൽ മിക്ക ചെടികളും പ്രത്യേക കൂടുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്.