ട്രംപിന്റെ തീരുവ ഭീഷണിക്കിടെ അജിത് ഡോവൽ റഷ്യയിൽ ദ്വിദിന സന്ദർശനത്തിന് ജയശങ്കർ ഇ​ന്ത്യ​യ​ലേ​ക്കു​ള്ള​ ​റ​ഷ്യ​ൻ​ ​എ​ണ്ണ​ ​വി​ത​ര​ണം ചർച്ചയായി

Thursday 07 August 2025 2:44 AM IST

മോസ്കോ: ഇന്ത്യയ്ക്കെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താരിഫ് ഭീഷണി മുഴക്കുന്നതിനിടെ റഷ്യയിൽ സന്ദർശനം നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ചൊവ്വാഴ്ച മോസ്കോയിലെത്തിയ ഡോവൽ ഇന്നലെ മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-റഷ്യ പ്രതിരോധ-സുരക്ഷാ സഹകരണം,നിലവിലെ വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സാഹചര്യം, ഇന്ത്യയലേക്കുള്ള റഷ്യൻ എണ്ണ വിതരണം തുടങ്ങിയവ ചർച്ചയായിയെന്നാണ് റിപ്പോർട്ട്.

അതേസമയം, കൂടുതൽ എസ് 400 വ്യോമപ്രതരോധ സംവിധാനങ്ങൾ വാങ്ങുന്നത്, ഇന്ത്യയിൽ അറ്റകുറ്റപ്പണികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നത്, റഷ്യയുടെ സു57 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള സാദ്ധ്യതകളിലും ധാരണയായിയെന്നാണ് വിവരം.

അതിനിടെ, 27, 28 തീയതികളിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും റഷ്യ സന്ദർശിക്കുന്നുണ്ട്. റഷ്യൻ വദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായും റഷ്യൻ ഉപപ്രധാനമന്ത്രി യൂറി ബോറസോവുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തും. ട്രംപിന്റെ താരിഫ് ഭീഷണിയും ചർച്ചയാകും.

യുക്രെയിൻ വിഷയത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നതിനിടയിലും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിന് ട്രംപ് അടുത്തിടെ ഇന്ത്യയെ വിമർശിച്ചിരുന്നു. ഇന്ത്യക്ക് മേൽ ആദ്യം 25 ശതമാനവും ഇന്നലെ അധിക 25ശതമാനവും ഇതിന്റെ ഭാഗമായി ട്രംപ് ചുമത്തിയിരുന്നു. ഇത് വീണ്ടും ഉയർത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. ഇത് ഇന്ന് പ്രാബല്യത്തിൽ വരും. അതേസമയം ഇന്ത്യയുടെ റഷ്യയുമായുള്ള ബന്ധം പരസ്പര ധാരണയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മറ്റ് രാജ്യങ്ങൾ അതിനെ വിലയിരുത്തേണ്ടതില്ലെന്നും ഇന്ത്യൻ വദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

റഷ്യയിൽനിന്ന് എണ്ണവാങ്ങുന്ന ഇന്ത്യക്കുള്ള ഇറക്കുമതിത്തീരുവ 24 മണിക്കൂറിനുള്ളിൽ ഗണ്യമായി കൂട്ടുമെന്നാണ് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ നല്ല വാണിജ്യപങ്കാളിയല്ലെന്നും 'സി.എൻ.ബി.സി സ്‌ക്വാക് ബോക്‌സി'നു നൽകിയ അഭിമുഖത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യക്ക് 25 ശതമാനം ഇറക്കുമതിത്തീരുവ കഴിഞ്ഞദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയെ പിണക്കുന്നത്

നല്ലതല്ല: നിക്കി ഹേലി

ഇന്ത്യക്കെതിരെ തീരുവ ചുമത്താനുള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ വിമർശിച്ച് യു.എന്നിലെ മുൻ യു.എസ് അംബാസഡർ നിക്കി ഹേലി. ചൈനയ്ക്ക് പ്രത്യേക ഇളവ് നൽകി ഇന്ത്യയുമായുള്ള സഖ്യം തകർക്കരുതെന്നും നിക്കി മുന്നറിയിപ്പ് നൽകി. യു.എസ് ചൈനയ്ക്കുമേലുള്ള തീരുവ 90 ദിവസത്തേക്ക് നിറുത്തിവച്ചത് ചൂണ്ടിക്കാട്ടിയാണിത്. ചൈനയ്ക്ക് ഇളവ് നൽകിയത് ഇരട്ടത്താപ്പാണെന്നും ട്രംപിന്റെ നീക്കം യു.എസ്-ഇന്ത്യ ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്നും അവർ പറഞ്ഞു. അമേരിക്കയുടെ ശത്രുവായ ചൈനയെ വെറുതെ വിട്ട്, ഇന്ത്യയെപ്പോലുള്ള സഖ്യകക്ഷിയുമായുള്ള ബന്ധം തകർക്കരുതെന്നും ഹേലി പറഞ്ഞു.

തീരുവയിൽ ഇന്ത്യയ്ക്ക് ഒപ്പം ബ്രസീലും

പുതിയ തീരുവ പ്രഖ്യാപനത്തോടെ യു.എസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ബ്രസീലിനൊപ്പം ഇന്ത്യയും ഒന്നാമതായി. 50 ശതമാനമാണ് നിലവിൽ ഇന്ത്യയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബ്രസീസിലിനും 50 ശതമാനമാണ്. സ്വിറ്റ്സർലൻഡിന് 39 ശതമാനവും കാനഡയ്ക്ക് 35 ശതമാനവും ചൈനയ്ക്ക് 30 ശതമാനവും തീരുവ ചുമത്തിയിരിക്കുന്നത്.