ബി1, ബി2 വിസകൾക്ക് 15,000 ഡോളർ യു.എസ് ബോണ്ട്
വാഷിംഗ്ടൺ: യു.എസിലേക്ക് വിനോദസഞ്ചാര, വ്യാപാര ആവശ്യങ്ങൾക്കായി എത്തുന്നവർക്കുള്ള ബി1, ബി2 വിസകൾക്ക് 15,000 ഡോളറിന്റെ (13 ലക്ഷത്തോളം രൂപ) ബോണ്ട് ഈടാക്കാൻ തീരുമാനിച്ച് ട്രംപ് ഭരണകൂടം. ഒരു വർഷത്തേക്കാണ് ബോണ്ട്.
അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായാണിത്. ബി1, ബി2 വിസയിൽ കാലാവധി കഴിഞ്ഞിട്ടും യു.എസിൽ തങ്ങുന്നവർ വർദ്ധിച്ചുവരുന്നതായി കണ്ടെത്തിയിരുന്നു. ഈ ബോണ്ട് വാങ്ങുന്നവർക്കേ ബി1, ബി2 വിസ നൽകാവൂയെന്ന് എല്ലാ കോൺസുലേറ്റുകൾക്കും നിർദ്ദേശം നൽകി. 2026 ആഗസ്റ്റ് 5 വരെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി വിലയിരുത്തിയ ശേഷം തുടരണമോയെന്ന് തീരുമാനിക്കും. വിസാ കാലാവധി കഴിഞ്ഞും താമസിക്കുന്നവർ കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആദ്യം ബാധകമാവുക. പട്ടികയിൽ ആഫ്രിക്കൻ രാജ്യങ്ങളായ മലാവി, സാംബിയ ഉൾപ്പെട്ടിട്ടുണ്ട്. 20 മുതൽ ഈ രണ്ട് രാജ്യങ്ങളിലും ബോണ്ട് ആവശ്യകത പ്രാബല്യത്തിൽ വരും. ബാക്കി രാജ്യങ്ങളുടെ പട്ടിക ഉടൻ പുറത്തുവിടും.
അതേസമയം, കൃത്യസമയത്ത് രാജ്യംവിട്ടാൽ ബോണ്ട് തുക തിരികെ നൽകും. വിസയിലെ വ്യവസ്ഥകൾ ലംഘിച്ചാൽ തുക കണ്ടുകെട്ടും.
ഡിപ്പാർട്മെന്റ് ഒഫ് ഹോം സെക്യൂരിറ്റിയുടെ 2023ലെ ഓവർസ്റ്റേ റിപ്പോർട്ട് അനുസരിച്ച് വിസാ കാലാവധി കഴിഞ്ഞ് യു.എസിൽ താമസിക്കുന്നവരുടെ എണ്ണം അഞ്ച് ലക്ഷത്തിലേറെയാണ്. യു.എസ് നിയമം കൃത്യമായി പാലിക്കാനും അനധികൃത കുടിയേറ്റത്തിനെതിരെ നടപടിയെടുക്കാൻ മറ്റുരാജ്യങ്ങളെ പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നതായി ഫെഡറൽ സർക്കാർ അറിയിച്ചു.