ഇന്ത്യയിൽനിന്ന് ട്രംപിന്റെ കമ്പനി 175 കോടിയിലധികം നേടി
വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിലുള്ള 'ദ ട്രംപ് ഓർഗനൈസേഷൻ' കഴിഞ്ഞ പത്തുകൊല്ലമായി ഇന്ത്യയെ യു.എസിന് പുറത്തെ അവരുടെ ഏറ്റവും വലിയ വിപണിയായി പരിഗണിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയെ 'ഡെഡ് എക്കണോമി' എന്നുവിളിച്ച് ട്രംപ് പരിഹസിക്കുന്നതിനിടെയാണ് ഈ കണക്കുകൾ. 2024 വരെ ഇന്ത്യയിലെ ഒന്നാംകിട ബിൽഡർമാരുമായി ചേർന്ന് മുംബയ്, പൂനെ, കൊൽക്കത്ത, ഗുരുഗ്രാം തുടങ്ങിയ ഏഴിടങ്ങളിലെ പ്രോജക്ടുകളിലൂടെ ചുരുങ്ങിയത് 175 കോടി ട്രംപിന്റെ കമ്പനി സമ്പാദിച്ചതായിയെന്നാണ് റിപ്പോർട്ട്. 2012ലാണ് ആദ്യത്തെ പ്രോജക്ട് പ്രഖ്യാപിച്ചത്.
ട്രംപ് വീണ്ടും യു.എസ് പ്രസിഡന്റ് പദത്തിലെത്തിയതോടെ, കഴിഞ്ഞ എട്ടുമാസത്തിനിടെ 80 ലക്ഷം ചതുരശ്ര അടിയുടെ ആറ് പ്രോജക്ടുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. ഇന്ത്യയിലെ പങ്കാളികളായ ട്രിബേക്ക ഡെവലപേഴ്സുമായി ചേർന്ന് ഗുരുഗ്രാം, പൂനെ, ഹൈദരാബാദ്, മുംബൈ, നോയിഡ, ബംഗളൂരു എന്നിവിടങ്ങളിലാണ് ഈ പദ്ധതികൾ പ്രഖ്യാപിച്ചത്. ഇതിൽ മൂന്ന് പദ്ധതികളുടെ ആകെ വിസ്തൃതി 43 ലക്ഷം ചതുരശ്ര അടിയാണ്, അതായത് ട്രംപ് ഗ്രൂപ്പ് ലക്ഷ്യംവെക്കുന്നതിൽ പകുതിയിലധികം. ഇന്ത്യയിൽ ബിസിനസ് വൻതോതിൽ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് ട്രംപ് ഓർഗനൈസേഷൻ.
ഇക്കൊല്ലം മാർച്ചിൽ മുംബയിലെ പ്രോജക്ട് പ്രഖ്യാപനത്തിനിടെ, ഇന്ത്യ ട്രംപ് ബ്രാൻഡിനെ അസാമാന്യമായ ആവേശത്തോടെ അംഗീകരിച്ചതായി ട്രംപ് ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എറിക് ട്രംപ് പറഞ്ഞിരുന്നു. എറിക്കും ഡൊണാൾഡ് ട്രംപ് ജൂനിയറും ചേർന്നാണ് നിലവിൽ ദ ട്രംപ് ഓർഗനൈസേഷനെ നയിക്കുന്നത്. 1927ൽ സ്ഥാപിതമായെങ്കിലും 1971ൽ ട്രംപ് നിയന്ത്രണമേറ്റെടുത്ത് സംരംഭത്തെ റീബ്രാൻഡ് ചെയ്യുകയായിരുന്നു. ന്യൂയോർക്ക് നഗരത്തിലെ ട്രംപ് ടവറാണ് ആസ്ഥാനം. റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് മേഖലയിലാണ് പ്രധാനമായും ഇവർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. കൂടാതെ ഹോസ്പിറ്റാലിറ്റി, ഗോൾഫ് റിസോർട്ടുകൾ തുടങ്ങിയ മേഖലകളിലും ട്രംപ് ഓർഗനൈസേഷന് സജീവസാന്നിധ്യമുണ്ട്. യു.എസിലും മറ്റിടങ്ങളിലുമായി ആഡംബര റെസിഡെൻഷ്യൽ ടവറുകളും ഹോട്ടലുകളുമുണ്ട്.