മലദ്വാരത്തിൽ ഗർഭനിരോധന ഉറകളിലായി എംഡിഎംഎ ഒളിപ്പിച്ച് കടത്തി, യുവാവിനെ പിടികൂടിയത് തന്ത്രപരമായി

Thursday 07 August 2025 7:48 AM IST

കൊല്ലം: കൊല്ലം സിറ്റിയിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ഇരവിപുരം ഉദയതാര നഗർ സ്വദേശി സക്കീർ ഹുസൈനാണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പൊലീസ് ബംഗളൂരുവിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ സഹായിയായ തട്ടാമല സ്വദേശി അജ്മൽ ഷായെ നേരത്തെ പിടികൂടിയിരുന്നു. ഗർഭനിരോധന ഉറകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു പ്രതികൾ എംഡിഎംഎ കടത്തിയത്.

ഈ വർഷം കൊല്ലം ജില്ലയിൽ നടന്ന ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയായിരുന്നു. 107 ഗ്രാം എംഡിഎംഎയാണ് പൊലീസ് അന്ന് പിടികൂടിയത്. അജ്‌മൽ ഷായെ ചോദ്യം ചെയ്തതിൽ നിന്നാണ് സക്കീർ ഹുസൈനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്നാണ് പ്രതി ബംഗളൂരുവിലാണെന്ന് മനസിലാക്കാൻ സാധിച്ചത്. അജ്മൽ ഷാ പിടിയിലായതറിഞ്ഞ് സക്കീർ ഹുസൈൻ ഒളിവിൽ പോകുകയായിരുന്നു. അജ്മൽ ഷായുമായി ബംഗളൂരുവിൽ എത്തി തന്ത്രപരമായ നീക്കത്തിലൂടെയാണ് സക്കീർ ഹുസൈനെ പിടികൂടിയത്.

കൊല്ലത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലായി സക്കീർ ഹുസൈനെതിരെ ലഹരിക്കടത്ത് ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് സിറ്റി ഡാൻസാഫ് സംഘവും ഈസ്റ്റ് പൊലീസും ചേർന്നാണ് അജ്മൽ ഷായെ പിടികൂടിയത്. കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഈ വർഷത്തെ ഏറ്റവും വലിയ രാസ ലഹരിക്കടത്ത് പിടികൂടിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ച് സ്കാനിംഗ് നടത്തിയപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.