ഇന്ത്യ-യുഎസ് ബന്ധം ഉലയുന്നതിനിടെ പാകിസ്ഥാന്റെ നിർണായക നീക്കം, ശ്രദ്ധയോടെ വീക്ഷിച്ച് കേന്ദ്രം
ന്യൂഡൽഹി: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് നയങ്ങളിൽ ഇന്ത്യ-യുഎസ് ബന്ധം ഉലയുന്നതിനിടെ യുഎസ് സന്ദർശനത്തിനൊരുങ്ങി പാക് ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ. ഈ മാസമാണ് പാക് ഉന്നത ഉദ്യോഗസ്ഥൻ യുഎസ് സന്ദർശിക്കുന്നത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് അസിം മുനീർ അമേരിക്കയിലെത്തുന്നത്. യുഎസുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. മുനീറിന്റെ സന്ദർശനവും യുഎസിന്റെ നീക്കങ്ങളും ശ്രദ്ധയോടെ വീക്ഷിക്കുകയാണ് കേന്ദ്രസർക്കാർ.
യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ ജനറൽ മൈക്കൽ കുറില്ലയുടെ യാത്രയയപ്പ് ചടങ്ങിൽ മുനീർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഭീകരവിരുദ്ധ പോരാട്ടത്തിൽ പാകിസ്ഥാൻ ഉറ്റപങ്കാളിയാണെന്ന് മുൻപ് മൈക്കൽ കുറില്ല വിശേഷിപ്പിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക നടപടികൾക്ക് മേൽനോട്ടം വഹിച്ചിരുന്ന ഫോർ സ്റ്റാർ ആർമി ജനറലായ മൈക്കൽ കുറില്ല ഈ മാസം അവസാനമാണ് വിരമിക്കുന്നത്. പാകിസ്ഥാന്റെ ഉന്നത സിവിലിയൻ പുരസ്‌കാരങ്ങളിലൊന്നായ നിഷാൻ-ഇ- ഇംതിയാസ് മൈക്കൽ കുറില്ലയ്ക്ക് നൽകി ആദരിച്ചുകൊണ്ടാണ് പ്രശംസയ്ക്ക് രാജ്യം മറുപടി നൽകിയത്. കഴിഞ്ഞ ജൂലായിൽ കുറില്ലയുടെ ഇസ്ലാമാബാദ് സന്ദർശനത്തിനിടെയായിരുന്നു ആദരവ്.
പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നിവയ്ക്ക് ദിവസങ്ങൾക്കുശേഷം മുനീർ കഴിഞ്ഞ ജൂണിൽ ട്രംപുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ചരിത്രത്തിലാദ്യമായി സർക്കാർ പ്രതിനിധിക്കൊപ്പമല്ലാതെ ഒരു പാകിസ്ഥാൻ സൈനിക നേതാവിനെ ഒരു യുഎസ് പ്രസിഡന്റ് സ്വാഗതം ചെയ്യുകയായിരുന്നു. ഇന്ത്യ-പാക് സംഘർഷത്തിൽ അയവ് വരുത്തുന്നതിൽ മുനീർ വഹിച്ച പങ്കിനെക്കുറിച്ച് ട്രംപ് പരസ്യപ്രശംസ നടത്തുകയും ചെയ്തു. ഇതിന് ദിവസങ്ങൾക്കുശേഷമാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് പാകിസ്ഥാൻ ട്രംപിനെ ഔദ്യോഗികമായി നോമിനേറ്റ് ചെയ്തത്.