നിങ്ങൾ വാങ്ങിക്കുന്ന മരുന്നുകൾ ഒറിജിനലോ അതോ വ്യാജനോ? എളുപ്പത്തിൽ തിരിച്ചറിയാനുള്ള വഴികൾ ഇതാ

Thursday 07 August 2025 11:29 AM IST

മനുഷ്യന് ഏറ്റവും കൂടുതൽ ആവശ്യമുള്ളതും വിലയുള്ളതുമായ ഉൽപ്പനം ഏതോ അതിന്റെ വ്യാജൻ വിപണിയിൽ എത്തിയിരിക്കും എന്നത് ഉറപ്പാണ്. ഇപ്പോൾ ഓരോദിവസവും വില കുതിച്ചുകയറുന്ന വെളിച്ചെണ്ണ തന്നെ ഉദാഹരണം. ആഹാരസാധനങ്ങളെന്നപോലെ മരുന്നുകളിലും വ്യാജന്മാർ പിടിമുറുക്കിയിരിക്കുകയാണെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞദിവസം ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ വൻതോതിലാണ് വ്യാജമരുന്നുകൾ പിടിച്ചെടുത്തത്.

ജോൺസൺ ആൻഡ് ജോൺസൺ, ജിഎസ്‌കെ, ആൽകെം തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ളവയായിരുന്നു ഇതിൽ ഒട്ടുമുക്കാലും. ലബോറട്ടറി പരിശോധനയിൽ മരുന്നുകൾ വ്യാജമാണെന്നുമാത്രമല്ല ഇതിൽ അടങ്ങിയിരിക്കുന്ന പല സാധനങ്ങളും ആരോഗ്യത്തിനെ ഗുരുതരമായി ബാധിക്കുന്നതാണെന്നും കണ്ടെത്തി. പിടികൂടിയ ഗ്യാംഗിന് രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വേരുകളുണ്ട് എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പുറത്തുവന്നത് രാജ്യം മുഴുവൻ വ്യാപിച്ചുകിടക്കുന്ന വലിയൊരു ഗ്യാംഗിന്റെ ചെറിയ കണ്ണികൾ മാത്രമാണെന്നാണ് പൊലീസ് പറയുന്നത്.

താഴ്ന്ന, ഇടത്തരം രാജ്യങ്ങളിൽ വിൽക്കുന്ന മരുന്നുകളിൽ ഏകദേശം പത്തുമുതൽ നാൽപ്പതുശതമാനം വരെ വ്യാജമാണെന്ന് നേരത്തേ നടത്തിയ പഠനങ്ങളിൽ വ്യക്തമായിരുന്നു. എന്നാൽ ഇപ്പോൾ അതിനെക്കാൾ ഏറിയിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അമേരിക്കപോലുള്ള രാജ്യങ്ങളിൽ ഇത് വെറും ഒരു ശതമാനം മാത്രമാണ്.

ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ലഭിക്കുന്ന മരുന്നുകളിൽ വ്യാജന്മാർ കയറാനുളള സാദ്ധ്യത ഏറെയാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്. മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മറ്റും ഒഴിവാക്കുന്ന കാലാവധി കഴിഞ്ഞ മരുന്നുകൾ പോലും എക്സ്‌പയറി ഡേറ്റ് (ഉപയോഗിക്കാവുന്ന കാലാവധി) തിരുത്തി എത്താറുണ്ടെന്നാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ നിങ്ങൾക്ക് കിട്ടുന്ന മരുന്നുകൾ ഒറിജിനലാണോ എന്ന് നോക്കാൻ ചില വഴികൾ ഉണ്ടെന്നാണ് ഫൈസർ ഗ്ലോബൽ സെക്യൂരിറ്റിയിലെ ഗ്ലോബൽ ഇന്റലിജൻസ് ലീഡ് ആമി കല്ലാനൻ പറയുന്നത്. എന്നാൽ ഇത് എല്ലായ്‌പ്പോഴും ശരിയാവണമെന്നില്ലെന്നും ലബോറട്ടറി പരിശോധനയിലൂടെ മാത്രമേ നൂറുശതമാനം തിരിച്ചറിയാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

അക്ഷരത്തെറ്റുകൾ

മരുന്നുകളുടെ ലേബലുകൾ ശ്രദ്ധിച്ചുവായിച്ചുനോക്കുക. വ്യാജമരുന്നുകളാണെങ്കിൽ അതിൽ ഉല്പന്നത്തിന്റെ പേര്, നിർമ്മാതാവിന്റെ പേര്, ചേരുവകൾ എന്നിവയിൽ അക്ഷരത്തെറ്റുകൾ ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. അങ്ങനെ തെറ്റുകണ്ടാൽ മരുന്ന് വ്യാജമാണെന്ന് ഉറപ്പിക്കാം. കമ്പനിയുടെ എംബ്ലത്തിലും ട്രേഡ്‌മാർക്കിലും ചെറിയ വ്യത്യാസങ്ങളും ഉണ്ടാവും.

രൂപത്തിൽ മാറ്റം

യഥാർത്ഥ കമ്പനിയുടെ ഗുളികളുടെ ആകൃതിയിൽ വ്യത്യാസമുണ്ടാകും. യഥാർത്ഥ മരുന്നുകൾ ഫാക്ടറി നിർമ്മിതമാണെന്നതിനാൽ അവയ്ക്ക് ഒരേ രൂപമായിരിക്കും. കവർ പൊട്ടിക്കുമ്പോൾ ഗുളികളിൽ പൊട്ടലോ, കുമിളകൾ പോലുള്ളവയോ മറ്റോ കണ്ടാൽ അത് വ്യാജനാണെന്ന് ഉറപ്പിക്കാം. സിറപ്പുകളും മറ്റും വാങ്ങുമ്പോൾ സീലുകൾ ശ്രദ്ധിക്കണം. നേരത്തേ യഥാർത്ഥ മരുന്നുകൾ വാങ്ങിയിട്ടുണ്ടെങ്കിൽ ആ ബോട്ടിലുമായി തുടർന്ന് വാങ്ങുന്ന ബോട്ടുകളുടെ ആകൃതിയും നിറവും താരതമ്യം ചെയ്യുക. ഗുളികകളുടെൾപ്പെടെയുളളവയുടെ പാക്കിംഗിൽ എന്തെങ്കിലും സംശയം തോന്നിയാൽ ഫാർമസിസ്റ്റിന്റെ സഹായം തേടാവുന്നതാണ്. അവർക്ക് നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും.

വലിയ ചതിക്കുഴി ഓൺലൈനിൽ

മരുന്നുകൾ ഓൺലൈനിൽ നിന്ന് വാങ്ങുന്നവർ ഏറെയാണ്. ഇത്തരക്കാർ പറ്റിക്കപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. പ്രമുഖ മരുന്നുകമ്പനികളെന്ന് തോന്നിപ്പിക്കുന്ന നിരവധി വ്യാജ സൈറ്റുകളുണ്ട്. പലരും ഇത് തിരിച്ചറിയണമെന്നില്ല. ഇത്തരം സൈറ്റുകളിൽ നിന്ന് വാങ്ങുന്ന മരുന്നുകൾ വ്യാജമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?.

നിങ്ങൾക്ക് ഏറെ വിശ്വാസമുള്ള ഡോക്ടറുടെയും ഫാർമസിസ്റ്റിന്റെയും സേവനം പ്രയോജനപ്പെടുത്തുന്നതിലൂടെ ഒരുപരിധിവരെ വ്യാജന്മാരെ അകറ്റിനിറുത്താം. ഇനി നിങ്ങൾക്ക് കിട്ടിയ മരുന്നുകൾ വ്യാജമാണെന്ന് സംശയം തോന്നിയാൽ ഉടൻതന്നെ ആ മരുന്നിന്റെ നിർമാതാക്കളുമായി ബന്ധപ്പെടാൻ ശ്രമിക്കുക. അവർ ഉല്പാദിപ്പിക്കുന്ന ഓരോ ബാച്ച് മരുന്നുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അവരുടെ പക്കൽ ഉണ്ടായിരിക്കും. ഇത് പരിശോധിച്ച് മരുന്നുകൾ വ്യാജമാണോ എന്ന് അവർ നിങ്ങൾക്ക് പറഞ്ഞുതരും. വ്യാജമാണെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞാൽ ഉടൻതന്നെ അധികൃതരെ വിവരമറിയിക്കാം. .