എല്ലാ ദിവസവും ചിക്കനും ബീഫും കഴിക്കാറുണ്ടോ? മുന്നറിയിപ്പുമായി ഗവേഷകർ

Thursday 07 August 2025 11:38 AM IST

മാംസാഹര പ്രിയർക്ക് അത്ര സുഖകരമല്ലാത്ത വാർത്തയാണ് ഓക്സ്ഫഡ് സർവകലാശാല ​ഗവേഷകർ ഈയിടയ്ക്ക് പുറത്ത് വിട്ട പഠനത്തിൽ പറയുന്നത്. ദിവസവും മാംസാഹരം കഴിക്കുന്നത് 25 ആരോ​ഗ്യപ്രശ്നങ്ങൾക്കുള്ള സാദ്ധ്യത കൂടുതലാണെന്നാണ് പഠനത്തിൽ പറയുന്നു. ബി.എം.സി മെഡിസിൻ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണിത്. 475,000 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് ദിവസേന മാംസാഹാരങ്ങൾ കഴിക്കുന്നവരിൽ ക്യാൻസറിതര രോ​ഗങ്ങളായ ഹൃദ്രോ​ഗം, പ്രമേഹം, ദഹനസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് സാദ്ധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്.

മാംസം സന്തുലിതമായ ആഹാരക്രമത്തിന്റെ ഭാ​ഗമാണെങ്കിലും അമിതമായി കഴിക്കുന്നതും പ്രത്യേകിച്ച് സംസ്കരിച്ച മാംസത്തിന്റെ അമിതോപഭോ​ഗവുമാണ് ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതെന്ന് ​ഗവേഷകർ പറയുന്നു. ആഴ്ചയിൽ മൂന്നുതവണയിൽ കൂടുതൽ റെഡ് മീറ്റോ, സംസ്കരിച്ച മാംസമോ കഴിക്കുന്നവരിൽ ഹൃദ്രോ​ഗം, പ്രമേഹം, ന്യുമോണിയ, ദഹനപ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള സാദ്ധ്യത കൂടുതലാണെന്ന് ​ഗവേഷകർ വ്യക്തമാക്കുന്നു. ചിക്കൻ വിഭവങ്ങൾ അമിതമായി കഴിക്കുന്നവരിലും വയറിന് പ്രശ്നങ്ങളുണ്ടാകുന്നതായി കണ്ടെത്തി. എന്നാൽ റെഡ് മീറ്റ്, ചിക്കൻ തുടങ്ങിയവ കഴിക്കുന്നവരിൽ അയേണിന്റെ കുറവ്, അനീമിയ തുടങ്ങിയവയ്ക്കുള്ള സാദ്ധ്യത കുറവാണെന്നും ​ഗവേഷകർ പറയുന്നു.

ആഴ്ചയിൽ മൂന്നുതവണയിൽക്കൂടുതൽ‌ മാംസാഹാരങ്ങൾ കഴിക്കുന്നവരിൽ ഒമ്പത് ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾക്കുള്ള സാദ്ധ്യതയും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾ, ഹൈപ്പർടെൻഷൻ, സി.ഒ.പി.ഡി, ആന്റിബയോട്ടിക് പ്രതിരോധം, ക്യാൻസർ, ഹോർമോൺ അസന്തുലിതാവസ്ഥ, ആയുസ് കുറയും, അമിത വണ്ണം, ടൈപ് 2 ഡയബറ്റീസ്, ഹൃദ്രോഗം എന്നിവയാണ് ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾ. ഉയർന്ന പ്രോട്ടീൻ അടങ്ങിയ മാംസാഹാരങ്ങൾ വണ്ണംകുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ​ഗുണംചെയ്യുമെങ്കിലും നിയന്ത്രണമില്ലാത്ത അമിതോപഭോ​ഗം വരുത്തിവെക്കുന്ന ആരോ​ഗ്യപ്രശ്നങ്ങളേക്കുറിച്ചാണ് ​ഗവേഷകർ മുന്നറിയിപ്പ് തരുന്നത്.