'ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല, എന്തുവിലകൊടുക്കാനും തയ്യാർ'; ട്രംപിന്റെ തീരുവയ്ക്കെതിരെ മോദി

Thursday 07 August 2025 12:05 PM IST

ന്യൂഡൽഹി: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അധിക ഇറക്കുമതി തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കർഷകരുടെയും മത്സ്യത്തൊഴിലാളികളക്കമുള്ളവരുടെയും താൽപര്യങ്ങളിൽ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് മോദി അറിയിച്ചു. അതിനായി എന്തുവില കൊടുക്കാനും തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ നടന്ന എം എസ് സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

'നമ്മൾക്ക് നമ്മുടെ കർഷകരുടെ താൽപര്യങ്ങളാണ് പ്രഥമ പരിഗണന. ഇന്ത്യയിലെ കർഷകരുടെയും കന്നുകാലി വളർത്തുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യങ്ങളിൽ രാജ്യം ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വലിയ വില നൽകേണ്ടിവരുമെന്ന് എനിക്കറിയാം. പക്ഷേ ഞാൻ അതിന് തയ്യാറാണ്. ഇന്ത്യയിലെ കർഷകർക്കൊപ്പം ഉറച്ചുനിൽക്കുന്നു. അവരുടെ ക്ഷേമത്തിനായി എന്ത് വേണമെങ്കിലും നേരിടാൻ ഞാൻ തയ്യാറാണ്'- മോദി വ്യക്തമാക്കി.

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് അധിക തീരുവ ചുമത്താനുള്ള അമേരിക്കയുടെ തീരുമാനത്തെ ഇന്ത്യ അപലപിച്ചതിന് പിന്നാലെയാണ് മോദിയുടെ ഈ പരാമ‌ർശം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങി യുക്രെയ്ൻ യുദ്ധത്തിന് സഹായധനം നൽകുകയാണെന്നാരോപിച്ച് ഇന്ത്യയ്ക്ക് 25 ശതമാനം അധികത്തീരുവ ഈടാക്കുന്ന എക്സിക്യുട്ടീവ് ഉത്തരവിൽ ട്രംപ് ഇന്നലെ ഒപ്പിവച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് പ്രഖ്യാപിച്ച 25 ശതമാനം പകരചുങ്കം കൂടിച്ചേർത്ത് ഇന്ത്യൻ ചരക്കുകൾക്കുള്ള യുഎസ് തീരുവ ഇതോടെ 50 ശതമാനമായി ഉയർന്നു.