'കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി കത്തിക്കും'; എയർ ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയ പാക് വ്യവസായിക്ക് 15 മാസം തടവ്
ലാഹോർ: ഫ്ലൈറ്റ് അറ്റൻഡന്റിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ വ്യവസായിക്ക് 15 മാസം തടവ് ശിക്ഷ. 37 കാരനായ പാകിസ്ഥാൻ വ്യവസായി സൽമാൻ ഇഫ്തിഖാറാണ് എയർ ഹോസ്റ്റസിനോട് മോശമായി പെരുമാറിയതിനെ തുടർന്ന് വെട്ടിലായത്. ലണ്ടനിൽ നിന്ന് ലാഹോറിലേക്കുള്ള ഫ്ളൈറ്റിൽ വച്ചാണ് സംഭവം അരങ്ങറിയത്. മൂന്ന് കുട്ടികളുടെ പിതാവും രണ്ട് ഭാര്യമാരും ഇയാൾക്കുണ്ട്. ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്യുന്നതിനിടെ ഓൺബോർഡ് ബാറിൽ നിന്ന് ഐസ് എടുക്കുന്നത് നിർത്താൻ എയർഹോസ്റ്റസ് ആവശ്യപ്പെട്ടതിനെത്തുടർന്നുള്ള തർക്കത്തിൽ പ്രകോപിതനായാണ് ഇയാൾ ഭീഷണി മുഴക്കിയത്.
കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ മദ്യം കഴിക്കുകയായിരുന്ന ഇഫ്തിഖർ ഫ്ലൈറ്റ് അറ്റൻഡന്ററായ യുവതിയെ ഹോട്ടൽ മുറിയിൽ നിന്ന് വലിച്ചിഴയ്ക്കുമെന്നും കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.
ഭാര്യ എറമിനൊപ്പം ലണ്ടനിൽ കസ്റ്റമഡർ സർവീസിലും നിർമ്മാണ മേഖലയിലും ബിസിനസ് പരിശീലനം നൽകുന്ന ഒരു കമ്പനി നടത്തുന്നയാളാണ് ഇഫ്തിഖർ.
കുടുംബത്തോടൊപ്പം ബക്കിംഗ്ഹാംഷെയറിലെ ഐവറിൽ ഏകദേശം രണ്ട് മില്യൺ പൗണ്ട് മൂല്യം വരുന്ന ആഡംബര വസതിയിലാണ് താമസം. റേഞ്ച് റോവർ, ബെന്റ്ലി, റോൾസ് റോയ്‌സ് എന്നിവയുൾപ്പെടെ നിരവധി ആഡംബര വാഹനങ്ങളും ഇഫ്തിഖറിന് സ്വന്തമായിട്ടുണ്ട്. തങ്ങളുടെ ആഡംബര ജീവിതത്തെ പലപ്പോഴും സോഷ്യൽ മീഡിയയിലൂടെയും കുടുംബം പ്രദർശിപ്പിക്കാറുണ്ട്.
ലണ്ടനിലെ തന്റെ ജീവിതത്തിന് പുറമേ പാകിസ്ഥാനിലെ സൂപ്പർ മോഡലും നടിയുമായ അബീർ റിസ്‌വിയെയും ഇഫ്തിഖർ അഞ്ച് വർഷം മുമ്പ് വിവാഹം കഴിച്ചിരുന്നു. ഇഫ്തിഖറിനെക്കുറിച്ച് ഇടയ്ക്കിടെ റിസ്‌വി തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയാറുണ്ട്. കഴിഞ്ഞ വർഷം സെപ്തംബറിൽ ഇയാളുടെ ജന്മദിനത്തിന് ഇഫ്തിഖറിനെക്കുറിച്ച് ഒരു ഹൃദയംഗമമായ കുറിപ്പും ഇൻസ്റ്റാഗ്രാമിൽ റിസ്‌വി പങ്കുവച്ചിരുന്നു.